രഞ്ജി ട്രോഫി വിദര്‍ഭയ്ക്ക്; കിരീട നേട്ടം ആറ് വര്‍ഷത്തിന് ശേഷം
രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വിദര്‍ഭ ജേതാക്കള്‍. ആറ് വര്‍ഷത്തിന് ശേഷമാണ് വിദര്‍ഭ രഞ്ജി ട്രോഫിയില്‍ മുത്തമിടുന്നത്. ഫൈനലില്‍ കേരളത്തിനെതിരെ സമനില നേടിയതോടെയാണ് ഒന്നാം ഇന്നിംഗ്‌സ് ലീഡിന്റെ അടിസ്ഥാനത്തില്‍ വിദര്‍ഭ വീണ്ടും രഞ്ജി ട്രോഫി കിരീടം നേടുന്നത്. രഞ്ജിയില്‍ വിദര്‍ഭയുടെ മൂന്നാം കിരീടമാണിത്. സ്‌കോര്‍ വിദര്‍ഭ ആദ്യ ഇന്നിംഗ്‌സില്‍ 379, കേരളം ആദ്യ ഇന്നിംഗ്‌സില്‍ 342. വിദര്‍ഭ രണ്ടാം ഇന്നിംഗ്‌സില്‍ ഒമ്പതിന് 375.
അഞ്ചാം ദിവസം രാവിലെ നാലിന് 249 എന്ന സ്‌കോറില്‍ നിന്നാണ് വിദര്‍ഭ ബാറ്റിങ് പുനരാരംഭിച്ചത്. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുണ്‍ നായര്‍ 295 പന്തില്‍ 10 ഫോറും രണ്ട് സിക്‌സറും സഹിതം 135 റണ്‍സെടുത്ത് കരുണ്‍ നായര്‍ പുറത്തായി. ആദിത്യ സര്‍വതെയ്ക്കാണ് വിക്കറ്റ്. ഇന്ന് ദര്‍ശന്‍ നലകാഡെ അര്‍ധ സെഞ്ച്വറി നേടി. നലകാഡെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഇരുടീമിന്റെയും ക്യാപ്റ്റന്മാര്‍ സമനിലയ്ക്ക് സമ്മതിച്ചത്.
കേരളത്തിനായി ആദിത്യ സര്‍വതെ നാല് വിക്കറ്റുകള്‍ വീഴ്ത്തി. എം ഡി നിധീഷ്, ഏദന്‍ ആപ്പിള്‍ ടോം, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, നെടുമന്‍കുഴി ബേസില്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി. ചരിത്രത്തില്‍ ആദ്യമായാണ് കേരള ടീം രഞ്ജി ട്രോഫിയുടെ റണ്ണേഴ്‌സ് അപ്പാകുന്നത്.