കാസർകോട് കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ഒന്നരയാഴ്ചത്തെ പഴക്കം; സമീപത്ത് കത്തിയും കിറ്റ്കാറ്റ് കവറും ഫോണുകളും
കാസർകോട്: കാസർകോട് പൈവളിഗയിൽ നിന്ന് കണ്ടെത്തിയ പെൺകുട്ടിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾക്ക് ഒന്നരയാഴ്ചത്തെ പഴക്കം. അഴുകിയ നിലയിലായിരുന്നു രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയത്. മൃതദേഹത്തിന് സമീപം ഇരുവരുടെയും മൊബൈൽ ഫോണുകളും ഒരു കത്തിയും കിറ്റ്കാറ്റ് കവറും കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ 11.15 ഓടെയാണ് പൈവളിഗയിൽ പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 200 മീറ്റർ മാത്രം അകലെയുള്ള വനപ്രദേശത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 26 ദിവസങ്ങൾക്ക് മുൻപായിരുന്നു പെൺകുട്ടിയേയും സമീപവാസി കൂടിയായ 42കാരനേയും കാണാതായത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി. ഓട്ടാ ഡ്രൈവറായിരുന്നു യുവാവ്. ഇരുവരും തമ്മിൽ നേരത്തേ പരിചയമുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പെൺകുട്ടിയെ കാണാതാകുന്നത്. തങ്ങൾ ഉറക്കമുണർന്നപ്പോൾ മകൾ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് പിതാവ് പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി പന്ത്രണ്ടിന് പുലർച്ചെ മൂന്നരയോടെ പെൺകുട്ടിയെ കാണാതായി എന്ന് വ്യക്തമായി. മൊബൈൽ ഫോൺ മാത്രമായിരുന്നു പെൺകുട്ടിയുടെ കൈവശമുണ്ടായിരുന്നതെന്നും പൊലീസ് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്ന യുവാവിനെ ഇതേ ദിവസം തന്നെ കാണാതായി എന്നകാര്യവും കണ്ടെത്തുന്നത്. പെൺകുട്ടിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പൈവളിഗയ്ക്ക് സമീപം വനത്തിനുള്ളിൽ കണ്ടതിനെ തുടർന്ന് കഴിഞ്ഞയാഴ്ച പരിശോധന നടത്തിയിരുന്നെങ്കിലും യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. പെൺകുട്ടിയുടെ കുടുംബം കോടതിയിൽ ഹേബിയസ് കോർപസ് ഹർജി ഫയൽ ചെയ്തതോടെയാണ് അന്വേഷണം ഊർജിതമായത്.