രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചു, വഖഫ് ബില്ല് നിയമമായി
ന്യൂഡൽഹി (New Delhi): കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്ത വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം.
രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവെച്ചതോടെ ബില്ല് നിയമമായി.
കഴിഞ്ഞ ദിവസമാണ് പാർലമെന്റ് ബില്ല് പാസാക്കിയത്. രാജ്യസഭ പാസാക്കി മണിക്കൂറുകൾക്കകം തന്നെ ബില്ലിന് അംഗീകാരം ലഭിച്ചു.
പ്രതിപക്ഷത്തിൻ്റെയും മുസ്‌ലിം സംഘടനകളുടെയും പ്രതിഷേധത്തിനിടെയാണ് രാഷ്ട്രപതിയുടെ അംഗീകാരം.
ഏപ്രിൽ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി.
ലോക്‌സഭയില്‍ ആകെ 520 പേരാണ് വോട്ട് ചെയ്തത്. 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. 14 മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് വഖഫ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയത്. ഇലക്ട്രോണിക് രീതിയിൽ നടന്ന വോട്ടെടുപ്പിലാണ് 288 പേർ അനുകൂലിക്കുകയും 232 പേർ എതിർക്കുകയും ചെയ്തത്. എംപിമാരായ കെ.സി വേണുഗോപാൽ, ഗൗരവ് ഗോഗോ, എൻ.കെ പ്രേമചന്ദ്രൻ, ഇ. ടി മുഹമ്മദ് ബഷീർ , കെ.രാധകൃഷ്‌ണൻ തുടങ്ങിയവരുടെ ഭേദഗതികൾ ശബ്ദവോട്ടിനിട്ട് തള്ളുകയായിരുന്നു. കേന്ദ്രനിയമ മന്ത്രി കിരണ്‍ റിജിജുവാണു ബിൽ സഭയിൽ അവതരിപ്പിച്ചത്.
പ്രതിപക്ഷത്തിന്‍റെ എതിർപ്പ് തള്ളിയാണ് രാജ്യസഭ ബിൽ പാസാക്കിയത്. 128 പേർ ബില്ലിനെ അനുകൂലിക്കുകയും 95 പേർ എതിർക്കുകയും ചെയ്തു. 13 മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് വോട്ടിനിട്ട് ബിൽ പാസാക്കിയത്.
Highlights: President Draupadi Murmu signs the Waqf Bill into law