വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണം, നിയമ ഭേദഗതിക്ക് സ്റ്റേ ഇല്ല; മറുപടി നൽകാൻ കേന്ദ്രത്തിന് സാവകാശം
ന്യൂഡൽഹി(New Delhi) : പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. വിശദമായ മറുപടി നൽകാൻ കേന്ദ്രസർക്കാരിന് ഒരാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. വഖഫ് സ്വത്തുക്കളിൽ തൽസ്ഥിതി തുടരണമെന്നും കോടതി ഇടക്കാല വിധി പുറപ്പെടുവിച്ചു. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട ചില നിർദേശങ്ങളും കോടതി നൽകി.
അടുത്ത തവണ കേസ് പരിഗണിക്കുന്നതു വരെ വഖഫ് ബോർഡുകളിൽ നിയമനം നടത്തരുതെന്ന് കോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയിൽ പറയുന്നുണ്ട്. ഹർജിക്കാർ ഉന്നയിച്ച അമുസ്‌ലീങ്ങൾക്ക് നിയമനം, വഖഫ് ബൈ യൂസർ എന്നീ ആവശ്യങ്ങളിൽ അനുകൂലമായ നിലപാടാണ് സുപ്രീംകോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
വഖഫ് ബൈ യൂസർ ഭൂമി അതുപോലെ തന്നെ തുടരണമെന്നും ഡിനോട്ടിഫൈ ചെയ്യരുതെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. ചില വ്യവസ്ഥകൾ താൽകാലികമായി നടപ്പാക്കരുതെന്ന് പറയുന്നുണ്ടെങ്കിലും കേന്ദ്രസർക്കാരിനും ഹർജിക്കാർക്കും ഒരുപോലെ ആശ്വാസമാകുന്നതാണ് ഇടക്കാല വിധി.
Highlights: Status quo should continue in waqf properties, no stay on law amendment; Centre given time to respond