പഹല്‍ഗാം ഭീകരാക്രമണം: അന്വേഷണം ഏറ്റെടുത്ത് എന്‍ഐഎ, അക്രമികളെ വെറുതെവിടില്ലെന്ന് അമിത് ഷാ
ജമ്മു കശ്മീരിലെ പഹൽഗാമില്‍ വന്‍ഭീകരാക്രമണം. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. അതേ സമയം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തി. കൃത്യത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ല എന്ന് മോദി എക്സിൽ കുറിച്ചു. ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സംഭവം ഹൃദയഭേദകവും അപലപനീയമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എക്സിൽ കുറിച്ചു. ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്ന് കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. അമിത് ഷാ ജമ്മു കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.
മരിച്ചവരില്‍ മലയാളിയും, കൊല്ലപ്പെട്ടത് ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്‍
ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവരിൽ മലയാളിയും. കൊച്ചി ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന്‍(65) ആണ് കൊല്ലപ്പെട്ടത്. മകളുടെ മുന്നില്‍വെച്ചാണ് രാമചന്ദ്രന് വെടിയേറ്റത് എന്നാണ് വിവരം. കുടുംബസമേതം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു. ഹൈദരാബാദിൽ നിന്നുള്ള ഐ ബി ഉദ്യോഗസ്ഥൻ ബിഹാർ സ്വദേശിയായ മനീഷ് രഞ്ചനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. ഭാര്യക്കും മക്കൾക്കുമൊപ്പം ജമ്മുവിലേക്ക് യാത്ര പോയതായിരുന്നു മനീഷ്.
ഏപ്രില്‍ 16ന് വിവാഹിതനായ കൊച്ചിയില്‍ സേവനമനുഷ്ഠിച്ചിരുന്ന നേവി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ഏപ്രില്‍ 16ന് വിവാഹിതനായ കൊച്ചിയില്‍ സേവനമനുഷ്ഠിച്ചിരുന്ന നേവി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. നാവികസേനയിലെ ലെഫ്റ്റനൻ്റ് വിനയ് അഗർവാളാണ് കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശിയാണ്. ഇക്കഴിഞ്ഞ 16 നാണ് വിവാഹം നടന്നത്. മധുവിധു ആഘോഷിക്കാൻ ഭാര്യയുമായി യാത്ര തിരിച്ചതാണ്.
ഹൈദരാബാദിൽ നിന്നുള്ള ഐബി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഹൈദരാബാദിൽ നിന്നുള്ള ഐ ബി ഉദ്യോഗസ്ഥനും വിനോദയാത്രയ്ക്ക് എത്തിയ കർണാടക സ്വദേശിയുമുണ്ടെന്ന് റിപ്പോർട്ട്. ബിഹാർ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ മനീഷ് രഞ്ചൻ ആണ് കൊല്ലപ്പെട്ടതിൽ ഒരാൾ. ഭാര്യക്കും മക്കൾക്കുമൊപ്പമായിരുന്നു മനീഷ് രഞ്ചൻ കശ്മീരിലേക്ക് തിരിച്ചത് എന്നാൽ ഭീകരാക്രമണത്തിൽ കുടുംബത്തിന് മുന്നിൽ വെച്ച് ഇയാൾ കൊല്ലപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട മറ്റൊരാൾ കർണാടക സ്വദേശിയായ ഭരത് ഭൂഷൻ ആണ്. ഇദ്ദേഹവും കുടുബത്തിനൊപ്പം ശ്രീനഗറിലേക്ക് വിനോദയാത്രക്കായി എത്തിയതായിരുന്നു.
ആക്രമണം നടത്തിയത് ഏഴംഗ ഭീകര സംഘം
പഹല്‍ഗാം ഭീകരാക്രമണം നടത്തിയത് ആക്രമണം നടത്തിയത് ഏഴംഗ ഭീകര സംഘമാണെന്ന് സംഭവത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍. ഭീകരര്‍ പലതവണ വെടിവെച്ചെന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.
കേരള ഹൈക്കോടതി ജഡ്ജിമാർ സുരക്ഷിതർ
കശ്മിരീലേക്ക് പോയ മൂന്ന് കേരള ഹൈക്കോടതി ജഡ്ജിമാർ സുരക്ഷിതർ. അതേ സമയം ഭീകരാക്രമണത്തിൽ പരുക്കേറ്റവരെ അനന്ത്നാഗിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എൻഐഎ സംഘം നാളെ പഹൽഗാമിലെത്തും. ശ്രീനഗറിൽ ഇന്ന് അടിയന്തര സുരക്ഷാ യോഗം ചേരും. ആക്രമണം നടന്ന സ്ഥലത്ത് കരസേന കമാൻഡോ സംഘവും തെരച്ചില്‍ നടത്തുന്നുണ്ട്. കൊല്ലപ്പെട്ടവരിൽ വിദേശികളുണ്ടെന്ന് സൂചന. രണ്ട് വിദേശികൾ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്.
പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂം തുറന്നു. 9596777669, 01932225870 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പറുകള്‍. 9419051940 ഈ നമ്പറില്‍ വാട്‌സ്ആപ്പ് വഴിക്ക് ബന്ധപ്പെടാം.