വിലാപയാത്ര സെന്റ് മേരീസ് ബസിലിക്കയിൽ; സംസ്കാര ശുശ്രൂഷകൾ അവസാന ഘട്ടത്തിലേക്ക്
വത്തിക്കാൻ സിറ്റി(vatican city): ഫ്രാൻസിസ് മാർപാപ്പയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര സെന്റ് മേരീസ് മേജർ ബസിലിക്കയിൽ എത്തി. സംസ്കാര ശുശ്രൂഷകൾ അവസാന ഘട്ടത്തിലേക്ക് കടന്നു.
വിലാപയാത്ര കടന്നുപോയ വഴികളിൽ വിശ്വാസികൾ പ്രാർഥനയോടെ നിരന്നു. നേരത്തെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ ശുശ്രൂഷകൾക്ക് കർദിനാൾ തിരുസംഘത്തിന്റെ തലവൻ കർദിനാൾ ജൊവാന്നി ബാത്തിസ്ത റെയാണ് മുഖ്യകാര്‍മികത്വം വഹിച്ചത്.മിഷണറി തീക്ഷ്ണതയോടെ മാര്‍പാപ്പ സഭയെ നയിച്ചെന്ന് വചനസന്ദേശത്തില്‍ കര്‍ദിനാള്‍ അനുസ്മരിച്ചു. കരുണയാണ് സുവിശേഷത്തിന്റെ ഹൃദയമെന്ന് പാപ്പ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്കാസഭയിലെ 23 വ്യക്തിഗത സഭകളുടെയും തലവന്മാരാണ് പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. കേരളത്തിൽനിന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിൽ, സീറോ മലങ്കര സഭയുടെ അധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരും ശുശ്രൂഷയിൽ പങ്കെടുത്തു.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്കി, രാഷ്ട്രപതി ദ്രൗപതി മുർമു തുടങ്ങി 130 രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കൾ വത്തിക്കാനിലെത്തിയിട്ടുണ്ട്. മാർപാപ്പയ്ക്ക് വിടചൊല്ലാൻ ആയിരക്കണക്കിന് വിശ്വാസികളും വത്തിക്കാനിലെത്തിയിട്ടുണ്ട്.
Highlights: Lamentation at St. Mary’s Basilica; Funeral services enter final phase