കഞ്ചാവ് കേസ്; ഇടുക്കിയിലെ വാർഷികാഘോഷ പരിപാടിയിൽ നിന്ന് വേടന്‍റെ റാപ്പ് ഷോ ഒഴിവാക്കി സർക്കാർ
ഇടുക്കി(Idukki): റാപ്പര്‍ വേടന്‍റെ എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ പരിപാടിയിൽ നിന്ന് ഒഴിവാക്കി. വേടന്‍റെ റാപ്പ് ഷോയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഇടുക്കിയിലെ നാലാം വാര്‍ഷികാഘോഷ പരിപാടിയിൽ നിന്നാണ് വേടന്‍റെ റാപ്പ് ഷോ ഒഴിവാക്കിയത്. റാപ്പര്‍ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയെ കഞ്ചാവ് കേസിൽ പിടിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
വേടന്‍റെ ഫ്ലാറ്റിൽ നിന്ന് അഞ്ച് ഗ്രാം കഞ്ചാവാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രിയോടെയാണ് പ്രോഗ്രാം കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വേടൻ ഫ്ലാറ്റിലെത്തിയത്. ഒമ്പതുപേരാണ് മുറിയിലുണ്ടായിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നാണ് പൊലീസ് വേടന്‍റെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. തുടര്‍ന്ന് കഞ്ചാവ് പിടിച്ചെടുത്തതോടെ വേടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
യുവതലമുറയിലെ സ്വതന്ത്ര സംഗീതത്തിൽ ശ്രദ്ധേയനായ റാപ്പര്‍ വേടൻ ലഹരിക്കെതിരെ നിരന്തരം തന്‍റെ പരിപാടികളിലൂടെ ശബ്ദം ഉയര്‍ത്തിയിരുന്നയാളാണ്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായ എന്ന ഗാനത്തിന്‍റെ വരികള്‍ വേടന്‍റേതാണ്. വേടന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തു. വേടനെ വൈദ്യപരിശോധനയ്ക്ക് അടക്കം വിധേയമാക്കും.
Highlights: Cannabis case; Government removes Vedan’s rap show from Idukki anniversary celebrations