NationalTop Stories

ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി നിശ്ചയിക്കാനാകുമോയെന്ന് സുപ്രീം കോടതിയോട് രാഷ്ട്രപതി


ന്യൂഡൽഹി(New Delhi): നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് എതിരെ രാഷ്ടപതി ദ്രൗപദി മുർമുവിന്റെ നിർണായക നീക്കം. സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിൽ വ്യക്തത തേടി രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതിയെ സമീപിച്ചു.

ഭരണഘടനയുടെ 200, 201 വകുപ്പുകൾ പ്രകാരം നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ രാഷ്ട്രപതി ദ്രൗപദി മുർമു ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങൾ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവർണർമാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.


ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് പതിന്നാല് വിഷയങ്ങളിൽ വ്യക്തത തേടിയത്. രാഷ്ട്രപതി ബില്ലുകളിൽ അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻപ് സുപ്രീം കോടതി വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം താൻ ഇക്കാര്യത്തിൽ വ്യക്തത തേടുന്നതെന്ന് രാഷ്ട്രപതി സുപ്രീം കോടതിക്ക് കൈമാറിയ റെഫറൻസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിയമ മന്ത്രി അർജുൻ റാം മേഘ്വാളും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയോട് വ്യക്തത തേടിയുള്ള രാഷ്ട്രപതിയുടെ നടപടി.
.
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവ് തമിഴ് നാട് ഗവർണർ കേസിൽ പുറപ്പെടുവിച്ചത് ജസ്റ്റിസ് മാരായ ജി ബി പർഡിവാല, ആർ മഹാദേവൻ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ആണ്. ഈ ബെഞ്ച് പുറപ്പെടുവിച്ച വിധിക്ക് എതിരെ സർക്കാരിന് പുനഃപരിശോധന ഹർജി നൽകാവുന്നത് ആയിരുന്നു. എന്നാൽ പുനഃപരിശോധന ഹർജി അതെ ബെഞ്ച് തന്നെ പരിഗണിക്കും എന്നതിനാൽ അതിൽ അനുകൂല ഉത്തരവ് ഉണ്ടാകാൻ സാധ്യത കുറവാണ് എന്ന വിലയിരുത്തൽ കേന്ദ്ര സർക്കാരിന് ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ആണ് രാഷ്ട്രപതിയുടെ നിർണായക നീക്കം.

Highlights: President asks Supreme Court if time limit can be set for taking decision on bills

error: