Top Stories

3 വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി, പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പിയുടെ നേതൃത്വത്തില്‍ സന്ധ്യയെ വിശദമായ ചോദ്യം ചെയ്യും. ഇന്നലെയാണ് മൂന്ന് വയസുകാരി കല്യാണിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്നത്. സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഐസ്ക്രീമില്‍ വിഷം കലര്‍ത്തി കുഞ്ഞിനെ കൊല്ലാന്‍ മുമ്പും സന്ധ്യ ശ്രമിച്ചിരുന്നെന്ന വിവരവും ഇതിനിടെ പുറത്ത് വന്നു.

പുത്തൻ ഉടുപ്പിട്ട് കളിച്ചും ചിരിച്ചും അമ്മയുടെ കൈപിടിച്ച് അങ്കണവാടിയിലേക്ക് പോയ കല്യാണിയാണ് ഒരു നാടിന്റെ തീരാ നോവായി മാറിയത്. മൂന്ന് വയസുകാരി നാടിന്‍റെയാകെ സങ്കടമായെങ്കിലും ചെയ്ത തെറ്റിനെ കുറിച്ച് ഒരു പശ്ചത്താപവും അമ്മ സന്ധ്യ പ്രകടിപ്പിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലില്‍ സന്ധ്യ കുറ്റം സമ്മതിച്ചിട്ടുണ്ട്. പക്ഷേ എന്തിനീ ക്രൂരത ചെയ്തു എന്ന ചോദ്യത്തിന് ഞാന്‍ ചെയ്തു എന്ന് മാത്രമായിരുന്നു സന്ധ്യയുടെ മറുപടി.

അതേ സമയം കല്യാണിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. കല്യാണിയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന് ഹൃദയാഘാതമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ശ്വാസകോശം ഉൾപ്പെടെ ആന്തരിക അവയവങ്ങളിൽ വെള്ളം കയറിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം അച്ഛന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി.

Highlights: Case of killing 3-year-old girl by throwing her into a river; Mother Sandhya’s arrest recorded, preliminary postmortem report released

error: