കവ്വായി കായലിലെ കയാക്കിങും കായല്‍രുചിയും…ഒന്നു പോയാലോ?
പച്ചത്തുരുത്തിന്റെ കാഴ്ച കണ്ട്…. കായലോളങ്ങളെ തഴുകി…അറബിക്കടലിന്റെ ആരവം കേട്ട് ജലയാത്ര… ചിലപ്പോള്‍ ആ സൗന്ദര്യക്കാഴ്ച കണ്ട് മടങ്ങിപ്പോകാന്‍ മനസ് പോലും മടിക്കും…
വടക്കന്‍ കേരളത്തില്‍ അതിര്‍ത്തി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കവ്വായിന കായല്‍
അധികമാര്‍ക്കും അറിയാത്ത വിസ്മയമൊളിപ്പിച്ച കാഴ്ചകളുടെ മായാലോകമാണ്.
കണ്ടല്‍ക്കൂട്ടങ്ങളുടേയും തെങ്ങിന്‍തോപ്പുകളുടേയും സൗന്ദര്യം നുകര്‍ന്ന് കായലിലൂടെ കയാക്കിങ് നടത്തി കായല്‍വിഭവങ്ങളുടെ സ്വാദില്‍ വയറും മനവും നിറഞ്ഞെ കവ്വായിയില്‍ നിന്ന് മടങ്ങാന്‍ കഴിയൂ. കണ്ണൂര്‍ പയ്യന്നൂരിന് സമീപത്തെ കവ്വായി പുഴയും അതിന്റെ പോഷക നദികളായ കാങ്കോല്‍, വണ്ണാത്തിച്ചാല്‍, കുപ്പിത്തോട്, കുനിയന്‍ എന്നീ ചെറുനദികളും ധാരാളം ചെറുദ്വീപുകളും ചേര്‍ന്നതാണ് കവ്വായി കായല്‍. കണ്ടല്‍കാടുകള്‍ക്ക് പേരുകേട്ട കുഞ്ഞിമംഗലത്തെ നീര്‍ത്തടങ്ങള്‍, കുണിയന്‍, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങള്‍ എന്നിവ കവ്വായി കായലിന്റെ പ്രത്യേകതയാണ്. 40 കിലോമീറ്ററോളം നീളത്തിലുള്ള കായല്‍ ജൈവിക സമ്പന്നമാണ്. ഓരോ ചെറു ദ്വീപുകളും തുരുത്തുകളും സന്ദര്‍ശിക്കാന്‍ ബോട്ടു യാത്രകളും ഉണ്ട്. തീരത്തെ സസ്യസമൃദ്ധിയും പക്ഷികളുടെ വൈവിദ്ധ്യവും കണ്ണിനും മനസിനും കുളിര്‍മയാണ്. ചെറുതും വലുതുമായി നിരവധി തുരുത്തുകള്‍. വലിയ പറമ്പാണ് ഇതില്‍ ഏറ്റവും നീളമുള്ള തുരുത്ത്. വേമ്പനാട്ട് കായല്‍ കഴിഞ്ഞാല്‍ ഏറ്റവും മനോഹരമായ കായലാണ് കവ്വായി. കായലിനുള്ളിലെ ചെറുതുരുത്തുകളിലുള്ള കണ്ടല്‍കൂട്ടങ്ങളും ജൈവവൈവിധ്യങ്ങളും സവിശേഷമായ സൗന്ദര്യമാണ് കവ്വായിക്ക് സമ്മാനിക്കുന്നത്.