തൊടുപുഴക്കാരുടെ മീശപ്പുലിമല…
കോടമഞ്ഞിന്റെ വിസ്മയത്താല്‍ ഓരോ പുലരിയുടെയും പുത്തന്‍ കാഴ്ചകളാണ് തേടുന്നതെങ്കില്‍ നേരെ കോട്ടപ്പാറയ്ക്ക് പോണം…കോട്ടപ്പാറയെന്നു പറഞ്ഞാല്‍ തൊടുപുഴക്കാരുടെ മീശപ്പുലിമല…മഞ്ഞില്‍മൂടി ഉണരുന്ന പ്രഭാതങ്ങളും കണ്ണെത്താ ദൂരത്തോളം കിടക്കുന്ന മഞ്ഞുമേഘങ്ങളും എല്ലാമായി കട്ടയ്ക്കു കട്ട നില്‍ക്കുന്ന കോട്ടപ്പാറ ജീവിതത്തില്‍ ഒരിക്കലും മറക്കുവാനാവാത്ത പുലരികള്‍ സമ്മാനിക്കും.
വളരെ കുറച്ചുനാളുകളേയായുള്ളൂ കോട്ടപ്പാറ സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയിട്ട്. ഇടുക്കി ജില്ലയില്‍ തൊടുപുഴ വണ്ണപ്പുറം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു വ്യൂ പോയിന്റാണ് കോട്ടപ്പാറ. മീശപ്പുലിമലയോട് സാമ്യമുള്ള പുലര്‍ക്കാല കാഴ്ചകളാണ് കോട്ടപ്പാറയെ പ്രസിദ്ധമാക്കിയത്. കോട്ടപ്പാറ പണ്ടുമുതലേ ഇവിടെയുണ്ടായിരുന്നുവെങ്കിലും കുറച്ചു കാലങ്ങള്‍ക്കു മുന്‍പ് മാത്രമാണ് സഞ്ചാരികള്‍ ഏറ്റെടുക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ച പ്രദേശത്തിന്റെ പുലരി ദൃശ്യങ്ങളുള്ള വീഡിയോയാണ് കോട്ടപ്പാറയെ പ്രസിദ്ധമാക്കിയത്.
കാളിയാര്‍ ഫോറസ്റ്റ് റേഞ്ചിന്റെ ഭാഗമാണ് കോട്ടപ്പാറ. കുന്നിന്‍ മുകളില്‍ കയറി നിന്നാല്‍ താഴെ മഞ്ഞുപെയ്തിറങ്ങുന്ന പോലുള്ള കാഴ്ചയാണ് കോട്ടപ്പാറയുടെ പ്രത്യേകത. കണ്ണെത്താദൂരത്തോളം നീണ്ടു കിടക്കുന്ന ഈ മഞ്ഞിന്റെ കാഴ്ചയും അതിനിടയിലൂടെയുള്ള സൂര്യന്റെ വരവും ആ നിറവും കാഴ്ചകളും വെള്ളിവെയിലും കാണുന്നതിനാണ് ആളുകള്‍ കോട്ടപ്പാറയെ തേടിയെത്തുന്നത്.
മൂവാറ്റുപുഴ, തൊടുപുഴ, തോമംഗലം എന്നിവിടങ്ങളില്‍ നിന്നും കോട്ടപ്പാറയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. കോട്ടപ്പാറയിലെത്താന്‍ വണ്ണപ്പുറം മുള്ളരിങ്ങാട് റോഡ് വഴിയാണ് യാത്ര. വണ്ണപ്പുറത്തു നിന്നും നിരവധി ബസുകള്‍ ഈ വഴി സര്‍വീസ് നടത്തുന്നുണ്ട്. തൊടുപുഴയില്‍ നിന്നും 20 കിലോമീറ്ററും കോതമംഗലത്തു നിന്നും 18 കിലോമീറ്ററും മൂവാറ്റുപുഴയില്‍ നിന്നും 25 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.