Home Internationalഅമേരിക്ക-ഇസ്രയേൽ ആക്രമണം: ഇറാനിൽ 210 കുട്ടികൾ കൊല്ലപ്പെട്ടു; ഹോർമുസ് കടലിടുക്ക് അടക്കുമെന്ന് മുന്നറിയിപ്പ്

അമേരിക്ക-ഇസ്രയേൽ ആക്രമണം: ഇറാനിൽ 210 കുട്ടികൾ കൊല്ലപ്പെട്ടു; ഹോർമുസ് കടലിടുക്ക് അടക്കുമെന്ന് മുന്നറിയിപ്പ്

by news_desk
0 comments

തെഹ്‌റാൻ: ഇറാനുനേരെയുള്ള അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണങ്ങളിൽ മരിച്ച കുട്ടികളുടെ എണ്ണം 210 ആയി. ആക്രമണങ്ങളിൽ ആയിരത്തിലധികം കുട്ടികൾക്ക് പരിക്കേറ്റതായും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഐബി (IRIB) റിപ്പോർട്ട് ചെയ്തു. ഇറാൻ ആരോഗ്യ മന്ത്രി മുഹമ്മദ് റെസ സഫർഗന്ദി പുറത്തുവിട്ട കണക്കുകൾ പ്രകാരം 1510 കുട്ടികൾക്കാണ് പരിക്കേറ്റത്. ഏകദേശം 300-ഓളം ആരോഗ്യ കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർക്കപ്പെട്ടു. ആകെ പരിക്കേറ്റവരുടെ എണ്ണം 2000 കടന്നതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്തിനെതിരായ സൈനിക നീക്കങ്ങൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാൻ മുന്നറിയിപ്പ് നൽകി. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് അനിശ്ചിതകാലത്തേക്ക് അടയ്ക്കുമെന്നാണ് ഇറാന്റെ ഭീഷണി. കടലിടുക്ക് പൂർണ്ണമായും തുറന്നില്ലെങ്കിൽ ആക്രമണം കടുപ്പിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രഖ്യാപനം. എന്നാൽ ശത്രു രാജ്യങ്ങളുമായി ബന്ധമുള്ളവ ഒഴികെയുള്ള കപ്പലുകൾക്ക് പാത അനുവദിക്കുമെന്ന് ഇറാൻ പിന്നീട് വ്യക്തമാക്കി. സമുദ്ര സുരക്ഷ ഉറപ്പാക്കാൻ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനുമായി സഹകരിക്കാൻ തയ്യാറാണെന്ന് ഇറാന്റെ യുഎൻ പ്രതിനിധി അലി മൗസവി അറിയിച്ചു. ആഗോള വിപണിയിലെ തടസ്സങ്ങൾ കണക്കിലെടുത്ത് നിലപാടിൽ നേരിയ മാറ്റം വരുത്തിയെങ്കിലും അമേരിക്കയ്ക്കും ഇസ്രയേലിനും വേണ്ടി പാത തുറക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.

You may also like