Home Top Storiesനെയ്യാറ്റിൻകര ആശുപത്രി സംഭവം: ക്യൂവിൽ നിന്ന രോഗി മരിച്ച കേസിൽ നടപടി; സുരക്ഷാ ജീവനക്കാരനെ മാറ്റിനിർത്തി, വിദഗ്ധ സമിതി അന്വേഷിക്കും

നെയ്യാറ്റിൻകര ആശുപത്രി സംഭവം: ക്യൂവിൽ നിന്ന രോഗി മരിച്ച കേസിൽ നടപടി; സുരക്ഷാ ജീവനക്കാരനെ മാറ്റിനിർത്തി, വിദഗ്ധ സമിതി അന്വേഷിക്കും

by news_desk1
0 comments

തിരുവനന്തപുരം: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ ഡോക്ടറെ കാണാൻ ക്യൂവിൽ നിന്ന രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിച്ചു. സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റിനിർത്താൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ടിട്ടും ഡോക്ടറെ കാണാൻ സുരക്ഷാ ജീവനക്കാരൻ അനുവദിച്ചില്ലെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച വിദഗ്ധസംഘം ആശുപത്രി സന്ദർശിച്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

നെയ്യാറ്റിൻകര കൂട്ടപ്പന സ്വദേശിയായ രാജേഷ് കുമാർ (52) ആണ് ആശുപത്രിയിൽ കുഴഞ്ഞുവീണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു. രാജേഷ് കുമാർ മരിച്ചതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. കഠിനമായ നെഞ്ചുവേദനയാണെന്ന് അറിയിച്ചിട്ടും ഡോക്ടറെ കാണാൻ അനുവദിക്കാത്തതിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറും തിരുവനന്തപുരം ഡി.എം.ഒയുമായ ഡോ. ബിന്ദു മോഹന്റെ നേതൃത്വത്തിൽ വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. അഡീഷണൽ ഡയറക്ടർമാരായ ഡോ. ഇ. രാജേന്ദ്രൻ, ഡോ. കെ. സന്ദീപ്, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. നീമ പി. കാർത്തികേയൻ, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. പ്രിയ, തിരുവനന്തപുരം ജില്ല ആർദ്രം കോ-ഓർഡിനേറ്റർ ഡോ. സൂരജ് എന്നിവരാണ് സംഘത്തിലുള്ളത്. സംഘം ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

You may also like