Home Top Storiesപിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഡിജിപി; ഐജി അജിത ബീഗം നേതൃത്വം നൽകും

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഡിജിപി; ഐജി അജിത ബീഗം നേതൃത്വം നൽകും

by news_desk1
0 comments

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ച് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിറക്കി. ഐജി അജിത ബീഗമാണ് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക. എസ്.പി സക്കറിയ മാത്യുവും ഡി.വൈ.എസ്.പി അജയ് നാഥും സംഘത്തിലെ മറ്റ് അംഗങ്ങളാണ്. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടക്കും. അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് രണ്ടാഴ്ച കൂടുമ്പോൾ സമർപ്പിക്കണമെന്നും ഡി.ജി.പി നിർദേശിച്ചിട്ടുണ്ട്.

പി.എസ്.സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് നിലവിൽ ഒരേസമയം രണ്ട് അന്വേഷണങ്ങളാണ് നടക്കുന്നത്. പി.എസ്.സി ആഭ്യന്തര വിജിലൻസും ക്രൈംബ്രാഞ്ചും പ്രത്യേകമായി അന്വേഷണം നടത്തുകയാണ്. ആസൂത്രണ ബോർഡിലെ നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന പരാതിയെ തുടർന്ന് പി.എസ്.സി നിയോഗിച്ച ആഭ്യന്തര വിജിലൻസ് എസ്.പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് മന്ത്രിസഭാ തീരുമാനപ്രകാരം ക്രൈംബ്രാഞ്ചിനും അന്വേഷണം ഏൽപ്പിച്ചത്.

പി.എസ്.സി പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് അടുത്തകാലത്തുയർന്ന ആരോപണങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. അതേസമയം, ആസൂത്രണ ബോർഡിലെ ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിലെ മൂല്യനിർണയ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണ അനുമതി തേടി വിജിലൻസ് ഡയറക്ടർ കത്ത് നൽകിയിരുന്നുവെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ആസൂത്രണ ബോർഡ് നിയമനവുമായി ബന്ധപ്പെട്ട പരാതിക്കാകും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കൂടുതൽ പ്രാധാന്യം.

പ്രാഥമിക അന്വേഷണം പൂർത്തിയായ ശേഷമേ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യൂ. ഇതിനായി ആവശ്യമായ ഫയലുകൾ ആവശ്യപ്പെട്ട് പി.എസ്.സിക്ക് കത്ത് നൽകും. എന്നാൽ രേഖകൾ കൈമാറുന്ന കാര്യത്തിൽ നിയമോപദേശം തേടാനാണ് പി.എസ്.സി തീരുമാനം. കമ്മീഷൻ യോഗം ചേർന്ന ശേഷമായിരിക്കും ഫയലുകൾ കൈമാറുന്നതിൽ അന്തിമ തീരുമാനമെടുക്കുക. ആഭ്യന്തര വിജിലൻസ് അന്വേഷണം നടക്കുന്ന കാര്യം കൂടി പി.എസ്.സി കമ്മീഷന് അറിയിക്കാനാണ് സാധ്യത.

അതേസമയം, ആസൂത്രണ ബോർഡ് നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പരാതി നൽകിയ വ്യക്തിയുടെ മൊഴി ഇന്നലെ പി.എസ്.സി വിജിലൻസ് എസ്.പി ഓഫീസിൽ രേഖപ്പെടുത്തി. മൂല്യനിർണയത്തിലും അഭിമുഖത്തിലും അട്ടിമറി നടന്നതായി സംശയിക്കുന്നതായും ആവശ്യമായ മുഴുവൻ രേഖകളും പി.എസ്.സി ലഭ്യമാക്കിയിട്ടില്ലെന്നും പരാതിക്കാരൻ മൊഴി നൽകി. കൂടുതൽ പരാതിക്കാരുടെയും പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെയും മൊഴി വരും ദിവസങ്ങളിൽ അന്വേഷണസംഘം രേഖപ്പെടുത്തും.

.

You may also like