വിശാഖപട്ടണം: ആരാണ് കൊല്ലപ്പെട്ടതെന്ന് പോലും തിരിച്ചറിയാനാകാത്ത ദുരൂഹ കൊലപാതക കേസിന്റെ ചുരുളഴിക്കാൻ പൊലീസിനെ സഹായിച്ചത് സംഭവസ്ഥലത്ത് നിന്ന് ലഭിച്ച ഒരു പപ്പട പായ്ക്കറ്റാണ്. ആന്ധ്രാപ്രദേശിലെ അനന്തപൂരിലാണ് അതിവിദഗ്ധമായി പൊലീസ് കേസ് തെളിയിച്ചത്. മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ അന്വേഷണം തുടക്കത്തിൽ വലിയ വെല്ലുവിളിയായിരുന്നു.
കഴിഞ്ഞ ജൂൺ 23-നാണ് അനന്തപൂർ ജില്ലയിലെ പുലാകുർത്തി ഗ്രാമത്തിലെ ഒരു കൃഷിയിടത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ ഒരു പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ദൃക്‌സാക്ഷികളോ വ്യക്തമായ മറ്റ് തെളിവുകളോ ഇല്ലാതിരുന്നതിനാൽ ഫോറൻസിക്, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ പൊലീസ് ഊർജിത അന്വേഷണം ആരംഭിച്ചു. എസ്.പി. പി. ജഗദീഷിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളാണ് അന്വേഷണം നടത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഭാഗികമായി കത്തിയ കന്നഡ പത്രം, വസ്ത്രങ്ങൾ, പൂണൂൽ, പപ്പട പായ്ക്കറ്റ് എന്നിവ കണ്ടെത്തി. അന്വേഷണത്തിലെ നിർണായക തെളിവായി മാറിയത് ഈ പപ്പട പായ്ക്കറ്റായിരുന്നു.
പപ്പടത്തിന്റെ നിർമ്മാതാക്കൾ ചെന്നൈയിലാണെന്നും വിതരണക്കാർ ബെല്ലാരിയിലാണെന്നും പൊലീസ് കണ്ടെത്തി. അവിടെ നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗുരുരാജു റാവു എന്ന സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത പപ്പട വ്യാപാരിയെ കാണാതായതായി വ്യക്തമായത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം ഗുരുരാജുവിന്റേതാണെന്ന് സ്ഥിരീകരിച്ചു.
കൊലപാതകത്തിന് ശേഷം പ്രതികൾ ഗുരുരാജുവിന്റെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി അന്വേഷണസംഘം കണ്ടെത്തി. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഒരാളെ തിരിച്ചറിഞ്ഞത്. തുടർന്ന് ഫോൺ രേഖകളും മറ്റ് സാങ്കേതിക തെളിവുകളും പരിശോധിച്ച് രണ്ടാമത്തെ പ്രതിയിലേക്കും പൊലീസ് എത്തി.
ബെല്ലാരി സ്വദേശികളായ ബസവരാജു (31), കൊട്രേഷ് (36) എന്നിവരാണ് അറസ്റ്റിലായത്.
പപ്പട കച്ചവടത്തിലൂടെ ഗുരുരാജു റാവു വലിയ തോതിൽ പണം സമ്പാദിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണ് പ്രതികൾ ഇയാളെ ലക്ഷ്യമിട്ടതെന്ന് അനന്തപൂർ ജില്ലാ എസ്.പി. പി. ജഗദീഷ് വ്യക്തമാക്കി. ഗുരുരാജുവിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാൻ മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. തുടർന്ന് ബൈക്കും മൊബൈൽ ഫോണും എടിഎം കാർഡുമായി പ്രതികൾ രക്ഷപ്പെടുകയായിരുന്നു.
പ്രതികളായ ബസവരാജുവും കൊട്രേഷും സംസാരിക്കാനും കേൾക്കാനും കഴിയാത്തവരായതിനാൽ ആംഗ്യഭാഷാ വിദഗ്ധരുടെ സഹായത്തോടെയാണ് പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

