Home Nationalകനത്ത മഴയിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറി; 3,000 ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി, മുന്നറിയിപ്പ് അവഗണിച്ച് സിലിണ്ടറുകൾ കൈക്കലാക്കി നാട്ടുകാർ

കനത്ത മഴയിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറി; 3,000 ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി, മുന്നറിയിപ്പ് അവഗണിച്ച് സിലിണ്ടറുകൾ കൈക്കലാക്കി നാട്ടുകാർ

by news_desk1
0 comments

റായ്ഗഡ്: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ എൽപിജി ബോട്ടിലിങ് പ്ലാന്റിൽ വെള്ളം കയറി മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ പുഴയിലൂടെ ഒഴുകിപ്പോയി. പുഴയിലൂടെ സിലിണ്ടറുകൾ കൂട്ടത്തോടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കനത്ത മഴയെ തുടർന്ന് പ്ലാന്റിന്റെ സുരക്ഷാ മതിൽ തകരുകയും പ്രളയജലം അതിശക്തമായി പ്ലാന്റിനുള്ളിലേക്ക് ഇരച്ചുകയറുകയുമായിരുന്നു. ഇതോടെ പ്ലാന്റിൽ സൂക്ഷിച്ചിരുന്ന സിലിണ്ടറുകൾ പാതാൾഗംഗ പുഴയിലേക്കും സമീപത്തെ കായലിലേക്കും ഒഴുകിപ്പോയി.

ഒഴുകിപ്പോയ സിലിണ്ടറുകളിൽ പലതിലും പാചകവാതകം നിറച്ചിട്ടുണ്ടാകാമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുഴയിലൂടെയോ സമീപ പ്രദേശങ്ങളിലൂടെയോ ഒഴുകിനടക്കുന്ന സിലിണ്ടറുകൾ കണ്ടെത്തുന്നവർ അവ ഉടൻ തന്നെ ജില്ലാ ഭരണകൂടത്തെയോ കമ്പനി അധികൃതരെയോ അറിയിക്കണമെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവ്‌ലെ അഭ്യർഥിച്ചു.

ഒഴുകിപ്പോയ സിലിണ്ടറുകളിൽ ഗ്യാസ് ഉണ്ടോ, അവ സുരക്ഷിതമായ നിലയിലാണോ എന്നത് ഉറപ്പില്ല. അതിനാൽ അവ വീട്ടിലേക്ക് കൊണ്ടുപോകുകയോ തുറക്കാൻ ശ്രമിക്കുകയോ ചെയ്യുന്നത് അപകടകരമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പുഴയിൽ നിന്ന് ലഭിക്കുന്ന സിലിണ്ടറുകൾ വീട്ടിൽ സൂക്ഷിക്കരുതെന്നും എത്രയും വേഗം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

എന്നാൽ മുന്നറിയിപ്പ് അവഗണിച്ച്, ശക്തമായ ഒഴുക്കിൽ വിവിധ സ്ഥലങ്ങളിൽ അടിഞ്ഞുകൂടിയ സിലിണ്ടറുകൾ നാട്ടുകാർ കൈക്കലാക്കിയതായി റിപ്പോർട്ടുകളുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. വെള്ളപ്പൊക്കവും നദികൾ കരകവിഞ്ഞൊഴുകുന്നതുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ട ജില്ലകളിലൊന്നാണ് റായ്ഗഡ്.

You may also like