താരസംഘടനയായ ‘അമ്മ’യെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്കിടെ നടി സരയു മോഹനെ പിന്തുണച്ച് സുഹൃത്തിന്റെ സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധ നേടുന്നു. ‘അമ്മ’യിലെ പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ സരയു മോഹനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. സരയു “സൈലന്റ് കില്ലർ പോയിസൺ” ആണെന്നായിരുന്നു നടി മായ വിശ്വനാഥിന്റെ ആരോപണം.
ഇതിനിടെയാണ് സരയുവിന് പിന്തുണയുമായി സുഹൃത്ത് സമൂഹമാധ്യമത്തിൽ വികാരനിർഭരമായ കുറിപ്പ് പങ്കുവെച്ചത്. mr_appooss എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം:
“അനവസരത്തിൽ ആണെന്ന തിരിച്ചറിവിൽ തന്നെ എഴുതാം. കാണുമ്പോഴൊക്കെ ചിരിയും ബഹളവുമൊക്കെയായി പോകാറുള്ളത് കൊണ്ടാകും പെട്ടെന്ന് ഒരു ദിവസം ആ മുഖമിങ്ങനെ കണ്ടപ്പോ ഉള്ളിലുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. തന്റെ വിശ്വാസങ്ങൾക്കും അനുഭവങ്ങൾക്കും വിപരീതമായ അവസ്ഥകൾക്ക് മുന്നിൽ നിസ്സഹായയായി നിൽക്കേണ്ടി വന്നതിലുള്ള അമർഷവും ദേഷ്യവുമൊക്കെ ഞാൻ ആ കണ്ണുകളിൽ കണ്ടു.
ഇങ്ങനെ നമ്മുടെ കൂട്ടത്തിൽ ആർക്കെങ്കിലും സംഭവിച്ചാലും നമുക്കുണ്ടാകുന്ന വേദന ഇതുതന്നെയാണ് എന്നതിൽ സംശയമൊന്നുമില്ല. പക്ഷേ ഈയൊരാളിൽ അത് കുറച്ചധികം പ്രത്യക്ഷമായി കാണിക്കുന്നു എന്നത് സത്യമാണ്.
ഈ ഭൂമി തന്നെ പിളർന്ന് നിങ്ങൾക്ക് എതിരെ നിന്നാലും ചേർത്തുപിടിച്ചിരിക്കുന്ന കൈകളിൽ ഒന്ന് എന്റേതായിരിക്കും. അതിലിനി എന്റെ സ്വാർത്ഥതകൾ ഉണ്ടെന്ന് മറ്റുള്ളവർക്ക് തോന്നിയാൽ പോലും.
എവിടെ നിന്ന് ഇറങ്ങേണ്ടി വന്നാലും, ആരൊക്കെ ഒഴിവാക്കിയാലും മാറ്റിനിർത്തിയാലും തനിക്കിരിക്കാൻ അത്രമേൽ പ്രിയപ്പെട്ട ഒരിടം ഞങ്ങളിൽ എന്നും ഒരുപോലെ തന്നെ ഉണ്ടാകും. ചുറ്റുമുള്ളത് ഒക്കെ എത്ര കുത്തിനോവിച്ചാലും അതിനൊക്കെ മറുമരുന്ന് ഉണ്ടെന്ന പൂർണ വിശ്വാസം ഉണ്ടായിരിക്കട്ടെ.
ആശംസയ്ക്ക് പകരം ആശ്വാസം എഴുതാനാണ് ഇപ്പോൾ മനസ്സ് പറയുന്നത്. എന്നിരുന്നാലും… രണ്ട് ദിവസം മുൻകൂറായി തന്ന് വിടുവാ ഞങ്ങടെ ഉയിരായവൾക്കുള്ള ജന്മദിനാശംസകൾ.”

