തിരുവനന്തപുരം: തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ സുഗതന് സത്യപ്രതിജ്ഞ ചെയ്യുന്നതിനായി ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. നെടുമങ്ങാട് രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ജൂലൈ 13 വൈകിട്ട് അഞ്ച് മണി മുതൽ ജൂലൈ 14 രാത്രി 9 മണി വരെയാണ് സത്യപ്രതിജ്ഞയ്ക്കായി അനുവദിച്ചിരിക്കുന്ന സമയം. നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകളിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിലായിരുന്നു അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ആർ. സുഗതൻ.
2019 ഓഗസ്റ്റ് 25-ന് ഒരാളെ കല്ലുകൊണ്ട് തലക്കടിച്ചതുമായി ബന്ധപ്പെട്ട മനപ്പൂർവമല്ലാത്ത നരഹത്യശ്രമക്കേസ്, 2023 ജൂലൈ 20-ന് വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങളും വീടും ആക്രമിച്ച കേസ്, 2023 ജൂലൈ 17-ന് ഭർത്താവിനോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഭാര്യയെ വീട്ടിൽ കയറി ആക്രമിച്ച കേസ്, 2025 മാർച്ച് 14-ന് ബിസിനസ് തർക്കവുമായി ബന്ധപ്പെട്ട മനപ്പൂർവമല്ലാത്ത നരഹത്യശ്രമക്കേസ്, 2025 ജൂലൈ 25-ന് സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതിനെ തുടർന്ന് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്, 2026 ഫെബ്രുവരി 2-ന് അന്നത്തെ എംഎൽഎ വി.കെ. പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടനച്ചടങ്ങ് തടസപ്പെടുത്തിയെന്ന കേസ് എന്നിവയിൽ സുഗതൻ പ്രതിയാണ്.
ഈ കേസുകൾ നിലനിൽക്കെയാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി വാഴോട്ടുകോണത്ത് സുഗതനെ സ്ഥാനാർഥിയാക്കിയത്.

