Home Keralaസുകുമാരക്കുറുപ്പ് കേസിൽ പുനരന്വേഷണം തട്ടിപ്പെന്ന് ആരോപണം; ‘കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ശ്രമിക്കുന്നു’

സുകുമാരക്കുറുപ്പ് കേസിൽ പുനരന്വേഷണം തട്ടിപ്പെന്ന് ആരോപണം; ‘കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ശ്രമിക്കുന്നു’

by news_desk1
0 comments

പത്തനംതിട്ട: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള പുനരന്വേഷണം തട്ടിപ്പാണെന്ന ആരോപണവുമായി പത്തനംതിട്ട സ്വദേശി റൻസിം ഇസ്മയിൽ. ഉത്തരേന്ത്യയിൽ സുകുമാരക്കുറുപ്പ് ഒളിവിൽ കഴിയുന്നതിന്റെ നിർണായക തെളിവുകൾ 2007ലും 2022ലും അന്വേഷണ സംഘത്തിന് കൈമാറിയെങ്കിലും ക്രൈംബ്രാഞ്ച് കൃത്യമായി അന്വേഷിച്ചില്ലെന്നാണ് റൻസിമിന്റെ ആരോപണം.

കുറുപ്പ് മരിച്ചെന്ന് സ്ഥാപിക്കാൻ ചില ഉന്നതർ ഇപ്പോഴും നീക്കം നടത്തുന്നുണ്ടെന്നും അന്വേഷണ സംഘത്തെ അവർ നിയന്ത്രിക്കുന്നുവെന്നും റൻസിം ആരോപിച്ചു. സുകുമാരക്കുറുപ്പിനെ ഏറ്റവും ഒടുവിൽ നേരിട്ട് കണ്ടതായി അവകാശപ്പെടുന്ന വ്യക്തിയാണ് റൻസിം.

സുകുമാരക്കുറുപ്പ് എവിടെയെന്നത് 42 വർഷമായി തുടരുന്ന ദുരൂഹതയാണ്. ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി സുഹൃത്തിനെ ചുട്ടുകൊലപ്പെടുത്തിയ കേസിലാണ് കുറുപ്പ് പ്രതിയായത്. കുറുപ്പ് ജീവിച്ചിരിക്കുന്നുണ്ടോ മരിച്ചോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.

വർഷങ്ങളായി മരവിച്ചുകിടന്ന കേസ് ക്രൈംബ്രാഞ്ച് വീണ്ടും പരിശോധിക്കുകയാണ്. കേരള പൊലീസിന്റെ പട്ടികയിലെ പ്രധാന പിടികിട്ടാപ്പുള്ളികളിൽ ഒരാളാണ് സുകുമാരക്കുറുപ്പ്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലാണ് കേസിന്റെ പുനഃപരിശോധന നടക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് വില്ലേജിൽ പുത്തൻവീട്ടിൽ ശിവരാമക്കുറുപ്പിന്റെ മകൻ ഗോപാലകൃഷ്ണക്കുറുപ്പാണ് സുകുമാരക്കുറുപ്പിന്റെ യഥാർഥ പേര്. പ്രീഡിഗ്രി പഠനം പൂർത്തിയാക്കാതെ നാട്ടിൽ വിവിധ ജോലികൾ ചെയ്ത ശേഷം അദ്ദേഹം വ്യോമസേനയിൽ ചേർന്നു. പിന്നീട് സൈനിക ജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിയ അദ്ദേഹം താൻ മരിച്ചെന്ന വ്യാജരേഖ തയ്യാറാക്കി വ്യോമസേനയ്ക്ക് ടെലഗ്രാം അയച്ചതായും, നിജസ്ഥിതി അന്വേഷിക്കാൻ എത്തിയ ചെങ്ങന്നൂർ പൊലീസിനെ കൈക്കൂലി നൽകി തിരിച്ചയച്ചതായും അന്വേഷണ രേഖകളിലുണ്ട്.

തുടർന്ന് സുകുമാരക്കുറുപ്പ് എന്ന പേരിൽ വ്യാജ പാസ്‌പോർട്ട് തയ്യാറാക്കി വിദേശത്തേക്ക് കടക്കുകയും അബുദാബിയിൽ ഒരു പെട്രോൾ കമ്പനിയിൽ എക്സിക്യൂട്ടീവായി ജോലി നേടുകയും ചെയ്തു. പിന്നീട് ഭാര്യയെയും അബുദാബിയിലേക്ക് കൊണ്ടുപോയി. അവർക്കും അവിടെ നഴ്സായി ജോലി ലഭിച്ചു.

ആദ്യകാലത്ത് കേസ് സുകുമാരക്കുറുപ്പ് കൊലപാതക കേസ് എന്ന പേരിലായിരുന്നെങ്കിലും പിന്നീട് അത് ചാക്കോ വധക്കേസ് എന്ന പേരിൽ അറിയപ്പെട്ടു.

You may also like