ഫോക്സ്ബറോ: ലോകകപ്പ് ഫുട്ബോൾ 2026 ആവേശകരമായ ക്വാർട്ടർ ഫൈനൽ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ലോകം ഉറ്റുനോക്കുന്ന ഒരു ക്ലാസിക് പോരാട്ടത്തിന് ബോസ്റ്റൺ സ്റ്റേഡിയം (ജില്ലറ്റ് സ്റ്റേഡിയം) വേദിയാകുന്നു. രണ്ട് വട്ട ലോക ചാമ്പ്യന്മാരും കിരീടസാധ്യതകളിൽ മുന്നിലുള്ളവരുമായ ഫ്രാൻസ്, ആഫ്രിക്കൻ വൻകരയുടെ അഭിമാനമായ മൊറോക്കോയെ നേരിടുന്നു. കഴിഞ്ഞ 2022 ഖത്തർ ലോകകപ്പ് സെമിഫൈനലിന്റെ ആവർത്തനം കൂടിയായ ഈ മത്സരം, പഴയ പരാജയത്തിന് പകരവീട്ടാൻ മൊറോക്കോയ്ക്കും, ആധിപത്യം തുടരാൻ ഫ്രാൻസിനും നിർണായകമാണ്.
ടീമുകളുടെ പാത: ക്വാർട്ടറിലേക്കുള്ള വഴി
ടൂർണമെന്റിലുടനീളം തകർപ്പൻ ഫോമിലാണ് ഫ്രാൻസ് കളിക്കുന്നത്. കളിച്ച അഞ്ച് മത്സരങ്ങളിലും വിജയിച്ച അവർ 14 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ വഴങ്ങിയത് വെറും രണ്ട് ഗോളുകൾ മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ നോർവേ, സെനഗൽ, ഇറാഖ് എന്നിവരെ തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായ ലെ ബ്ലൂസ്, റൗണ്ട് ഓഫ് 32-ൽ സ്വീഡനെ 3-0 നും പ്രീ ക്വാർട്ടറിൽ പരാഗ്വേയെ 1-0 നും പരാജയപ്പെടുത്തിയാണ് അവസാന എട്ടിൽ ഇടംപിടിച്ചത്.
മറുഭാഗത്ത്, ബ്രസീൽ ഉൾപ്പെട്ട ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് മൊറോക്കോ എത്തിയത്. ഹെയ്തിയോടും സ്കോട്ട്‌ലൻഡിനോടും വിജയിച്ച അവർ ബ്രസീലിനെ സമനിലയിൽ തളച്ചു. നോക്കൗട്ടിൽ ശക്തരായ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ (3-2) അട്ടിമറിച്ച അറ്റ്ലസ് ലയൺസ്, പ്രീ ക്വാർട്ടറിൽ സഹ-ആതിഥേയരായ കാനഡയെ 3-0 ന് തകർത്താണ് ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തത്.
ടീം വാർത്തകളും പരിക്കുകളും
മൊറോക്കോയ്ക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുന്നത് സൂപ്പർ താരം ഇസ്മായിൽ സൈബാരിയുടെ പരിക്കാണ്. ടൂർണമെന്റിൽ മൂന്ന് ഗോളുകളോടെ തിളങ്ങിനിന്ന താരത്തിന് കാനഡയ്ക്കെതിരായ മത്സരത്തിനിടയിൽ ഹാംസ്ട്രിങ് ഇഞ്ചുറി ബാധിച്ചതിനാൽ ക്വാർട്ടർ മത്സരത്തിൽ കളിക്കാനാവില്ലെന്ന് കോച്ച് മുഹമ്മദ് ഔഹാബി സ്ഥിരീകരിച്ചു. സൈബാരിക്ക് പകരം സുഫിയാൻ റഹീമി ആദ്യ ഇലവനിൽ എത്തിയേക്കും. പ്രതിരോധ താരം ചാഡി റിയാദ് പരിക്കിൽ നിന്ന് പൂർണ്ണമുക്തനായി ടീമിൽ തിരിച്ചെത്തുന്നത് അവർക്ക് ആശ്വാസമാണ്.
ഫ്രഞ്ച് നിരയിൽ മിഡ്ഫീൽഡർ ഔറേലിയൻ ചൗവാമേനി തുടയിലെ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകാത്തതിനാൽ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കില്ല. അദ്ദേഹത്തിന് പകരം മനു കോനെ മധ്യനിരയിൽ തുടരും. കൂടാതെ ബ്രാഡ്ലി ബാർകോളയ്ക്ക് പകരം ഡെസിറെ ദൂവെ ഇടത് വിങ്ങിൽ ഇറങ്ങാനും സാധ്യതയുണ്ട്. ഒലിസെ, ബാർകോള, കോനെ എന്നിവർ മുൻ മത്സരങ്ങളിൽ മഞ്ഞക്കാർഡ് കണ്ടതിനാൽ ഈ മത്സരത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
സാധ്യതാ ലൈനപ്പുകൾ
ഫ്രാൻസ് (4-2-3-1):
മൈക്ക് മൈഗ്നൻ (GK); യൂൾസ് കുണ്ടെ, ദയോ ഉപമെക്കാനോ, വില്യം സാലിബ, ലൂക്കാസ് ഡിഗ്നെ; മനു കോനെ, ആഡ്രിയൻ റാബിയോട്ട്; ഉസ്മാൻ ഡെംബെലെ, മൈക്കൽ ഒലിസെ, ഡെസിറെ ദൂവെ (അല്ലെങ്കിൽ ബാർകോള); കിലിയൻ എംബാപ്പെ.
മൊറോക്കോ (4-2-3-1):
യാസിൻ ബോണോ (GK); അഷ്റഫ് ഹക്കിമി, ഇസ്സ ദിയോപ്, ചാഡി റിയാദ്, നുസൈർ മസ്റൗയി; യാസിൻ എൽ ഐനാവി, അയൂബ് ബൗആദി; ബ്രാഹിം ഡയസ്, അസ്സെദ്ദീൻ ഔനാഹി, ബിലാൽ എൽ ഖന്നൂസ്; സുഫിയാൻ റഹീമി.
ഇന്ത്യൻ സമയപ്രകാരം (IST) ജൂലൈ 10 വെള്ളിയാഴ്ച പുലർച്ചെ 1:30 നാണ് (July 10, 1:30 AM IST) മത്സരം ആരംഭിക്കുന്നത്.
പ്രവചനം
ഒപ്റ്റാ (Opta) സൂപ്പർ കമ്പ്യൂട്ടർ പ്രവചന പ്രകാരം ഈ മത്സരത്തിൽ ഫ്രാൻസിനാണ് വ്യക്തമായ മുൻതൂക്കമുള്ളത്. നിശ്ചിത 90 മിനിറ്റിൽ ഫ്രാൻസ് വിജയിക്കാനുള്ള സാധ്യത 61.7% ആണ്. മൊറോക്കോയുടെ വിജയസാധ്യത 16.2% ആയി കണക്കാക്കുമ്പോൾ, മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങാനുള്ള സാധ്യത 22.1% ആണ്. ഏഴു ഗോളുകളുമായി ഗോൾഡൻ ബൂട്ട് റേസിൽ മുന്നിലുള്ള കിലിയൻ എംബാപ്പെയുടെ ഫോം തന്നെയാണ് ഫ്രാൻസിന്റെ പ്രധാന കരുത്ത്. എന്നാൽ 34 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായി എത്തുന്ന മൊറോക്കോയെ അത്ര എളുപ്പത്തിൽ കീഴടക്കാനാകില്ല.
ഈ മത്സരത്തിലെ വിജയികൾ ജൂലൈ 14-ന് ഡാളസിൽ നടക്കുന്ന സെമിഫൈനലിൽ സ്പെയിൻ അല്ലെങ്കിൽ ബെൽജിയം ടീമുകളിൽ ഒന്നിനെ നേരിടും.

