വാഷിങ്ടൺ: അമേരിക്കയിൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ തെലങ്കാന സ്വദേശിയായ ഇന്ത്യൻ എഞ്ചിനീയർ അറസ്റ്റിൽ. യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ ചിത്രം തൻ്റെ കാമുകിക്ക് അയച്ചുകൊടുത്തതായാണ് റിപ്പോർട്ടുകൾ.
വിവാഹം കഴിഞ്ഞ് നാല് മാസം മാത്രമാണ് പിന്നിട്ടിരുന്നത്. വിവാഹശേഷം ഇരുവരും അമേരിക്കയിലേക്ക് പോയിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി തന്നെയാണ് ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചതെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം.
ക്രൂരകൃത്യവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളാണോ കൊലപാതകത്തിന് കാരണമായതെന്നതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.
പ്രതിക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും, ആ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് പുറത്തുവരുന്ന സൂചനകൾ. ഈ ബന്ധത്തെക്കുറിച്ച് ഭാര്യ അറിഞ്ഞതിനെ തുടർന്നുണ്ടായ തർക്കങ്ങളാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
മൃതദേഹത്തിന്റെ ചിത്രം കേസിൽ നിർണായക തെളിവാകുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
പ്രതിയുടെയും കൊല്ലപ്പെട്ട യുവതിയുടെയും പേരുവിവരങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ത്യൻ എംബസി അധികൃതരും ശേഖരിച്ചുവരികയാണ്.

