Home Top Storiesകള്ളാടി മണ്ണിടിച്ചിൽ; ‘നാളെ പുഴയിൽ പരിശോധന, രണ്ട് പേരുടെ നില ഗുരുതരം’; പ്രവൃത്തി പുനരാരംഭിക്കും മുമ്പ് സൂക്ഷ്മ പരിശോധനയെന്ന് മുഖ്യമന്ത്രി

കള്ളാടി മണ്ണിടിച്ചിൽ; ‘നാളെ പുഴയിൽ പരിശോധന, രണ്ട് പേരുടെ നില ഗുരുതരം’; പ്രവൃത്തി പുനരാരംഭിക്കും മുമ്പ് സൂക്ഷ്മ പരിശോധനയെന്ന് മുഖ്യമന്ത്രി

by news_desk1
0 comments

വയനാട്: കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ഇനി അഞ്ച് പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ. ദുരന്തബാധിത പ്രദേശം സന്ദർശിച്ച ശേഷം ചേർന്ന അവലോകന യോഗത്തിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുരന്തത്തിൽ മൂന്ന് പേർ മരിച്ചതായും രണ്ട് പേരുടെ നില ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാണാതായവരെ കണ്ടെത്തുകയാണ് ഇപ്പോഴത്തെ പ്രഥമ പരിഗണന. ഇതിനായി നാളെ രാവിലെ പുഴയിൽ പ്രത്യേക പരിശോധന നടത്തും. അപകടസാധ്യത കണക്കിലെടുത്ത് ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കള്ളാടിയിൽ നടന്ന സംഭവത്തെ വയനാട് ജില്ലയാകെ ബാധിച്ച ദുരന്തമായി ചിത്രീകരിക്കുന്ന പ്രചാരണം ഒഴിവാക്കണമെന്നും, ഇത് ഒരു ചെറിയ പ്രദേശത്ത് നടന്ന സംഭവമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട നിർദേശങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരിശോധന പൂർത്തിയാക്കിയ ശേഷമേ നിർമാണം വീണ്ടും ആരംഭിക്കൂ. നിലവിൽ കനത്ത മഴയാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും ടൗൺഷിപ്പിന് സമീപം കൂട്ടിയിട്ട മണ്ണ് ഉടൻ മാറ്റാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംഭവത്തിൽ പൊലീസ് അന്വേഷണം ഉറപ്പായും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You may also like