കോഴിക്കോട് ∙ രാജ്യസ്നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ലെന്നും തലമുറകളിലേക്ക് പകർന്നുനൽകേണ്ട സംസ്കാരമാണെന്നും നടൻ മോഹൻലാൽ. തന്റെ പ്രവർത്തനമേഖലയായ സിനിമയിലൂടെ രാജ്യസ്നേഹം വളർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് മുഖമാസികയായ കേസരിയുടെ നേതൃത്വത്തിലുള്ള മാതംഗി മൾട്ടിമീഡിയ റെക്കോർഡിങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
തന്റെ കർമമേഖല സിനിമയാണെന്നും അറിയാവുന്നത് അഭിനയമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യസ്നേഹവും ദേശീയബോധവും പ്രമേയമായ നിരവധി സിനിമകളിൽ, പ്രത്യേകിച്ച് പട്ടാള ചിത്രങ്ങളിൽ, അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമായി പലതവണ സൈനിക ക്യാംപുകളും അതിർത്തി പ്രദേശങ്ങളും സന്ദർശിച്ചു. അങ്ങനെ പുസ്തകങ്ങളിൽനിന്ന് വായിച്ചറിഞ്ഞതിനപ്പുറം രാജ്യസ്നേഹവും ദേശീയബോധവും നേരിട്ടനുഭവിക്കാൻ സാധിച്ചെന്നും മോഹൻലാൽ പറഞ്ഞു.
നമ്മൾ സുരക്ഷിതരായി കഴിയുന്നത് അതിർത്തികളിൽ സൈനികർ കാവൽ നിൽക്കുന്നതുകൊണ്ടാണ്. അവരുടെ ഹൃദയമിടിപ്പിൽപ്പോലും രാജ്യസ്നേഹം നിറഞ്ഞുനിൽക്കുന്നതായി തോന്നിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ‘ഓപ്പറേഷൻ ഗംഗ’യും ഇതേ പശ്ചാത്തലത്തിലുള്ള ചിത്രമാണെന്ന് മോഹൻലാൽ പറഞ്ഞു. തന്നാലാവുംവിധം തന്റെ കർമമേഖലയിലൂടെ രാജ്യസ്നേഹം വളർത്താനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയിൽ 50 വർഷം പിന്നിട്ട അനുഭവങ്ങളും മോഹൻലാൽ പങ്കുവച്ചു. സിങ്ക് സൗണ്ട് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ സിനിമയിൽ കടന്നുവന്നതും മേഖല വളരുന്നതും നേരിട്ടുകാണാൻ കഴിഞ്ഞു. സർഗാത്മകതയും സാങ്കേതികവിദ്യയും ഒത്തുചേരുമ്പോഴാണ് കലാവിഷ്കാരങ്ങൾ കൂടുതൽ മികവുറ്റതാകുന്നത്. രാമായണം പോലുള്ള ഇതിഹാസങ്ങളും പുരാണങ്ങളും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ എത്രത്തോളം വിജയകരമായി അവതരിപ്പിക്കാനാകുമെന്ന് നാം കണ്ടുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
