കോഴിക്കോട്: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ കേസുകളിൽ പിടിച്ചെടുത്ത വൻതോതിലുള്ള ലഹരിവസ്തുക്കൾ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി കോഴിക്കോട് സിറ്റി പൊലീസ് നശിപ്പിച്ചു. കോഴിക്കോട് സിറ്റി ജില്ലാ പൊലീസ് ആസ്ഥാനത്ത് സിറ്റി പൊലീസ് കമ്മീഷണർ ഷൗക്കത്തലി ഐ.പി.എസിന്റെ നേതൃത്വത്തിലായിരുന്നു ഡ്രഗ് ഡിസ്പോസൽ നടപടികൾ പൂർത്തിയാക്കിയത്.
52 കേസുകളിലായി പിടിച്ചെടുത്ത 52.178 കിലോഗ്രാം കഞ്ചാവ്, 3.285 കിലോഗ്രാം എം.ഡി.എം.എ, 997 ഗ്രാം ഹാഷിഷ് ഓയിൽ, 79.67 ഗ്രാം ഹെറോയിൻ എന്നിവയാണ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കത്തിച്ചുനശിപ്പിച്ചത്.
ലഹരിമരുന്ന് കടത്തും വിതരണവും തടയുന്നതിനുള്ള നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേക പരിശോധനകളും ബോധവത്കരണ പ്രവർത്തനങ്ങളും തുടരുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

