Home Keralaകോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം; ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കും പ്രവേശനം നിരോധിച്ചു

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം; ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കും പ്രവേശനം നിരോധിച്ചു

by news_desk1
0 comments

കോഴിക്കോട്: കനത്ത മഴയെ തുടർന്ന് കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഖനന പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതോടൊപ്പം വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും ചുരം മേഖലകളിലേക്കും അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി.

കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണ പ്രവർത്തനങ്ങൾ, മണലെടുപ്പ് എന്നിവയ്ക്ക് വിലക്കേർപ്പെടുത്തി.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി നാല് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നതുവരെ വിലക്ക് തുടരും. ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ 26, 30 എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ലയിലെ വെള്ളച്ചാട്ടങ്ങൾ, നദീതീരങ്ങൾ, ബീച്ചുകൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മലയോര പ്രദേശങ്ങൾ, ചുരം മേഖലകൾ എന്നിവിടങ്ങളിലേക്ക് രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ അടിയന്തരമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിൽ നിർദേശിക്കുന്നു.

You may also like