Home Nationalടാസ്മാക് ജീവനക്കാർക്ക് 25% ശമ്പളവർധന; അഴിമതിയും അധികവില ഈടാക്കലും തടയാൻ തമിഴ്നാട് സർക്കാരിന്റെ പുതിയ നീക്കം

ടാസ്മാക് ജീവനക്കാർക്ക് 25% ശമ്പളവർധന; അഴിമതിയും അധികവില ഈടാക്കലും തടയാൻ തമിഴ്നാട് സർക്കാരിന്റെ പുതിയ നീക്കം

by news_desk1
0 comments

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ഉടമസ്ഥതയിലുള്ള ടാസ്മാക് മദ്യവിൽപ്പനശാലകളിലെ ജീവനക്കാർക്ക് 25 ശതമാനം ശമ്പളവർധനവ് പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഔദ്യോഗിക വിലയേക്കാൾ കൂടുതൽ തുക ഈടാക്കുന്നതും അഴിമതിയും തടയുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

ടാസ്മാക് ഔട്ട്‌ലെറ്റുകളിൽ മദ്യക്കുപ്പികൾക്ക് 10 രൂപ വരെ അധികമായി ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായി ഉയർന്ന സാഹചര്യത്തിലാണ് നടപടി. മികച്ച വേതനം നൽകുന്നതിലൂടെ ജീവനക്കാരുടെ ഉത്തരവാദിത്തബോധം വർധിക്കുമെന്നും അഴിമതി കുറയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ 20 വർഷത്തിനിടെ ഇത്തരമൊരു ശമ്പളവർധനവ് ജീവനക്കാർക്ക് ലഭിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട മന്ത്രി വ്യക്തമാക്കി. തമിഴ്നാട്ടിൽ നിലവിലുള്ള 4,765 ടാസ്മാക് ഔട്ട്‌ലെറ്റുകളിൽ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിച്ചിരുന്ന 717 മദ്യവിൽപ്പനശാലകൾ അടച്ചുപൂട്ടാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ശമ്പളവർധന പ്രഖ്യാപിച്ചത്.

അടച്ചുപൂട്ടിയ 717 കടകളിൽ 276 എണ്ണം ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമായിരുന്നു പ്രവർത്തിച്ചിരുന്നത്. പൊതുസ്ഥലങ്ങളിൽ മദ്യത്തിന്റെ എളുപ്പത്തിലുള്ള ലഭ്യത കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ഈ നടപടിക്ക് വിവിധ രാഷ്ട്രീയ കക്ഷികളിൽ നിന്നുമുള്ള പിന്തുണ ലഭിച്ചിട്ടുണ്ട്.

സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ, കൂടുതൽ മദ്യശാലകൾ അടച്ചുപൂട്ടാൻ സർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. സ്ത്രീകളുടെയും വിദ്യാർഥികളുടെയും സുരക്ഷ മുൻനിർത്തിയുള്ള ദീർഘകാല ആവശ്യമാണ് ഇതിലൂടെ നടപ്പിലായതെന്ന് കോൺഗ്രസ് എംപി മാണിക്കം ടാഗോറും അഭിപ്രായപ്പെട്ടു.

തമിഴ്നാട്ടിൽ നിലവിലെ സർക്കാർ അധികാരമേറ്റ ശേഷം പ്രഖ്യാപിച്ച വിവിധ ജനക്ഷേമ പദ്ധതികൾക്ക് പിന്നാലെ നടപ്പിലാക്കുന്ന പ്രധാന നടപടികളിലൊന്നായാണ് ഈ ശമ്പളപരിഷ്കരണത്തെ സർക്കാർ വിലയിരുത്തുന്നത്.

You may also like