Home Localചായക്കടയിൽ അതിക്രമിച്ച് കയറി വാൾ ചൂണ്ടി വധഭീഷണി; 18കാരനും പ്രായപൂർത്തിയാകാത്ത കുട്ടിയും പിടിയിൽ

ചായക്കടയിൽ അതിക്രമിച്ച് കയറി വാൾ ചൂണ്ടി വധഭീഷണി; 18കാരനും പ്രായപൂർത്തിയാകാത്ത കുട്ടിയും പിടിയിൽ

by news_desk1
0 comments

തൃശൂർ: പെരിഞ്ഞനത്ത് ചായക്കടയിൽ അതിക്രമിച്ചുകയറി വാൾ ചൂണ്ടി വധഭീഷണി മുഴക്കിയ കേസിൽ 18കാരനും പ്രായപൂർത്തിയാകാത്ത കുട്ടിയും പിടിയിലായി. താന്ന്യം വില്ലേജ് പെരിങ്ങോട്ടുകര സ്വദേശി വടക്കേക്കുന്നത്ത് വീട്ടിൽ അരുണ്‍ (18) എന്നയാളെയും ഇയാളുടെ കൂട്ടാളിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെയുമാണ് കയ്പമംഗലം പൊലീസ് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ നിയമാനുസൃത നടപടികളും സ്വീകരിച്ചു.

അഞ്ചാം തീയതി രാവിലെ 10ഓടെ പെരിഞ്ഞനം സെന്ററിന്റെ വടക്കുഭാഗത്തുള്ള കയ്പമംഗലം ഡോക്ടർപടി സ്വദേശി പൊന്നത്ത് വീട്ടിൽ വിനയകുമാർ (36) നടത്തുന്ന ‘കട്ടൻസ്’ ടീ ഷോപ്പിലായിരുന്നു സംഭവം. കടയിൽ ഇരുവരും സിഗരറ്റ് വലിക്കുകയും അരുണ്‍ ഫോണിൽ ഉച്ചത്തിൽ അസഭ്യം പറയുകയും ചെയ്തതിനെ തുടർന്ന് കടയുടമ ഇവരോട് പുറത്തുപോകാൻ ആവശ്യപ്പെട്ടു.

ഇതിലുള്ള വൈരാഗ്യത്തെ തുടർന്ന് അരുണും പ്രായപൂർത്തിയാകാത്ത കുട്ടിയും മാരകായുധമായ വാളുമായി കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചുകയറി വിനയകുമാറിന് നേരെ വാൾ ചൂണ്ടി വധഭീഷണി മുഴക്കുകയായിരുന്നു. “നിന്നെയും നിന്റെ കടയെയും കത്തിച്ചുകളയും, നിന്നെ തീർത്തുകളയും” എന്ന് ആക്രോശിച്ചാണ് ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

അരുണ്‍ വലപ്പാട്, അന്തിക്കാട്, കയ്പമംഗലം പൊലീസ് സ്റ്റേഷൻ പരിധികളിലായി ഒരു കവർച്ചക്കേസ്, ഒരു വധശ്രമക്കേസ്, കുട്ടികൾക്ക് ഉൾപ്പെടെ വിൽപ്പന നടത്താൻ സൂക്ഷിച്ച കഞ്ചാവുമായി ബന്ധപ്പെട്ട കേസ് എന്നിവയുൾപ്പെടെ മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.

കയ്പമംഗലം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജിത്തിന്റെ നേതൃത്വത്തിൽ ജി.എസ്.ഐ രമേഷ്, ജി.എസ്.സി.പി.ഒമാരായ ജോസഫ്, സുനിൽകുമാർ, സിനോജ്, രജനീഷ്, പ്രജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

You may also like