Home Top Storiesമേപ്പാടി ദുരന്തം; രാത്രിയും രക്ഷാപ്രവർത്തനം തുടരുന്നു, മന്ത്രിമാർ സ്ഥലത്ത്; 5 മരണം, 3 പേരെ കാണാനില്ല

മേപ്പാടി ദുരന്തം; രാത്രിയും രക്ഷാപ്രവർത്തനം തുടരുന്നു, മന്ത്രിമാർ സ്ഥലത്ത്; 5 മരണം, 3 പേരെ കാണാനില്ല

by news_desk1
0 comments

വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ രാത്രിയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. മന്ത്രിമാരായ ടി. സിദ്ദിഖും എ. പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ്. മുഖ്യമന്ത്രി വി. ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മന്ത്രിമാർ വയനാട്ടിലെത്തിയത്.

പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെയും ഡി.ഐ.ജി കെ. കാർത്തികിന്റെയും നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം ചേർന്നു. തുടർന്ന് ആശുപത്രിയിൽ കഴിയുന്ന പരിക്കേറ്റവരെ മന്ത്രിമാർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കനത്ത മഴയ്ക്കിടയിലും മൺകൂനകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തെരച്ചിൽ യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

ഇന്ന് രാവിലെയാണ് കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിൽ ഉണ്ടായത്. ദുരന്തത്തിൽ ഇതുവരെ അഞ്ച് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൂന്ന് പേരെ കാണാതായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. പരിക്കേറ്റ ഏഴ് പേരിൽ ഒരാളുടെ നില ഗുരുതരമാണ്. നിസാര പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. നിലവിൽ ഒമ്പത് പേരാണ് വയനാട് വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തന്മയ് ഘോഷ് (28), കൂപമാൽ (ജയ) (37), കുഞ്ചു (39), സന്തോഷ് കുമാർ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

ദുരിതാശ്വാസ ക്യാമ്പ് മാറ്റി

വൻതോതിൽ മണ്ണൊലിച്ചെത്തിയതിനെ തുടർന്ന് പ്രദേശത്തെ വീടുകളും പള്ളിയും ബസ് സ്റ്റോപ്പും തൊഴിലാളികളുമായി എത്തിയ ബസുകളും പൂർണമായും മണ്ണിനടിയിലായി. മീനാക്ഷി പാലവും അപകടാവസ്ഥയിലാണ്. മുൻകരുതൽ നടപടിയുടെ ഭാഗമായി ചുളിക്ക ജി.എൽ.പി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് കാഞ്ഞിരോട് പോളിടെക്നിക് കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചു. സ്കൂളിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും സുരക്ഷിതമായി പുതിയ ക്യാമ്പിലേക്ക് മാറ്റിവരികയാണ്.

മുഖ്യമന്ത്രി വി. ഡി. സതീശൻ ദുരന്തം ദൗർഭാഗ്യകരമാണെന്ന് പ്രതികരിച്ചു. തുരങ്കപാത നിർമാണ സ്ഥലത്ത് അശാസ്ത്രീയമായി കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റണമെന്ന് മുൻകൂട്ടി നിർദ്ദേശം നൽകിയിരുന്നുവെന്നും, ഇതിനായി ജില്ലാ കളക്ടർ ഉത്തരവിറക്കിയിട്ടും കരാറുകാർ അത് പാലിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like