Home Top Stories‘പഠനകാലത്ത് ക്ലാസ് ലീഡർ പോലും ആയിട്ടില്ല, ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല’; ആരോപണങ്ങൾ തള്ളി പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ

‘പഠനകാലത്ത് ക്ലാസ് ലീഡർ പോലും ആയിട്ടില്ല, ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല’; ആരോപണങ്ങൾ തള്ളി പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ശേഷാദ്രിനാഥൻ

by news_desk
0 comments

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള തന്റെ നിയമനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളും രാഷ്ട്രീയ ആരോപണങ്ങളും പൂർണ്ണമായി തള്ളി എൻ. ശേഷാദ്രിനാഥൻ. തനിക്ക് ഒരു കാലത്തും ഒരു രാഷ്ട്രീയ പാർട്ടിയുമായും യാതൊരുവിധ ബന്ധവുമുണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോളേജ് പഠനകാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ലെന്നും വരുംദിവസങ്ങളിൽ കമ്മീഷന്റെ സ്വതന്ത്രവും നീതിപൂർവ്വവുമായ പ്രവർത്തനം ഉറപ്പാക്കുമെന്നും അദ്ദേഹം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

“ഒരു കാലത്തും ഒരാളുമായും എനിക്ക് രാഷ്ട്രീയ ബന്ധമില്ല. ഞാൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (UUC) ആയിരുന്നു എന്നൊക്കെയാണ് ചിലർ പ്രചരിപ്പിക്കുന്നത്. എന്നാൽ പഠിക്കുന്ന കാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ലെന്ന് മാത്രമല്ല, കോളേജിൽ ഒരു തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടില്ല. പ്രൊഫഷനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, സിവിൽ നിയമ മേഖലയിൽ സജീവമായി ജീവിക്കുകയായിരുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുമായോ സംഘടനയുമായോ യാതൊരു ബന്ധവുമില്ല. വിവാദപരമായ ഒരു സോഷ്യൽ മീഡിയ പോസ്റ്റും ഞാൻ പങ്കുവെച്ചിട്ടില്ല. അതേസമയം, കോൺഗ്രസ് നേതാവ് പി.എം. നിയാസ് എന്റെ അടുത്ത സുഹൃത്താണ്, അദ്ദേഹത്തെ ദീർഘകാലമായി അറിയാം,” ശേഷാദ്രിനാഥൻ പറഞ്ഞു.

ശേഷാദ്രിനാഥന്റെ നിയമനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികൾക്കുള്ളിൽ അഭിപ്രായഭിന്നത ശക്തമായിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസാണ് നിയമനത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും ഈ തീരുമാനം പാർട്ടി പ്രവർത്തകരുടെ മനോവീര്യം തകർക്കുന്നതാണെന്നുമായിരുന്നു നിയാസിന്റെ നിലപാട്. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതൃത്വവും നിയമനത്തിനെതിരെ രംഗത്തുവന്നു. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം. എന്നാൽ ഈ രാഷ്ട്രീയ വിവാദങ്ങൾക്കിടയിലും ശേഷാദ്രിനാഥന്റെ നിയമനം ഗവർണർ അംഗീകരിക്കുകയും തുടർന്ന് നിയമന ഉത്തരവിൽ ഒപ്പുവെക്കുകയുമായിരുന്നു.

You may also like