Home Nationalഎഥനോൾ 25% പെട്രോൾ ഉടൻ ഇല്ല; E20 പരാതികൾക്കിടെ കേന്ദ്രം നീക്കം മന്ദഗതിയിൽ

എഥനോൾ 25% പെട്രോൾ ഉടൻ ഇല്ല; E20 പരാതികൾക്കിടെ കേന്ദ്രം നീക്കം മന്ദഗതിയിൽ

by news_desk1
0 comments

ന്യൂഡൽഹി: പെട്രോളിൽ 25 ശതമാനം എഥനോൾ (E25) കലർത്താനുള്ള നീക്കത്തിൽ വേഗം കുറച്ച് കേന്ദ്രസർക്കാർ. നിലവിൽ ലഭ്യമായ E20 പെട്രോളിനെതിരെ ഉയർന്ന പരാതികളും പൊതുജനങ്ങളുടെ ആശങ്കകളും പരിഗണിച്ചാണ് തീരുമാനം. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവെന്ന ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിലാണ് E25 നടപ്പാക്കൽ ഘട്ടംഘട്ടമായി മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്രം തീരുമാനിച്ചത്.

പുതിയ ഇന്ധനത്തിന് അനുയോജ്യമായ എഞ്ചിൻ മാറ്റങ്ങൾ വരുത്താൻ വാഹന നിർമാതാക്കൾക്ക് കൂടുതൽ സമയം നൽകാനാണ് സാധ്യത. പെട്രോളിൽ 25 ശതമാനം എഥനോൾ കലർത്തുന്നതിന് നിലവിൽ പ്രത്യേക സമയപരിധിയും കേന്ദ്രം നിശ്ചയിച്ചിട്ടില്ല.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേന്ദ്രം പുറത്തിറക്കിയ രണ്ട് ഉത്തരവുകളാണ് E25 സംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചത്. 22 മുതൽ 30 ശതമാനം വരെ എഥനോൾ കലർന്ന ഇന്ധനങ്ങൾക്ക് കേന്ദ്ര എക്സൈസ് തീരുവയിൽ ഇളവ് പ്രഖ്യാപിക്കുകയും, അവയ്ക്കുള്ള ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും ചെയ്തിരുന്നു.

നിലവിൽ രാജ്യത്ത് E20 പെട്രോളാണ് ലഭ്യമാകുന്നത്. ഈ ഇന്ധനം ഉപയോഗിക്കുന്നത് വാഹനങ്ങളുടെയും അവയുടെ യന്ത്രഭാഗങ്ങളുടെയും പ്രവർത്തനത്തെ ബാധിക്കുന്നുവെന്ന പരാതികളുമായി നിരവധി പേർ വീഡിയോയും ചിത്രങ്ങളും ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്. ഈ പരാതികളിൽ പരിശോധിക്കേണ്ട വിഷയങ്ങളുണ്ടെന്ന് കഴിഞ്ഞ ആഴ്ച ചേർന്ന കേന്ദ്ര ഉദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി.

E20 ഇന്ധനവുമായി ബന്ധപ്പെട്ട് വാഹനഭാഗ നിർമാതാക്കളുമായി ചർച്ച നടത്താനും യോഗത്തിൽ ധാരണയായി. E20 ഇന്ധനത്തിലേക്കുള്ള മാറ്റം വളരെ വേഗത്തിലായിരുന്നുവെന്ന വിമർശനവും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് E25 പെട്രോൾ ഘട്ടംഘട്ടമായി അവതരിപ്പിക്കുന്നതാണ് ഉചിതമെന്ന നിലപാടിലേക്ക് കേന്ദ്രം എത്തിയിരിക്കുന്നത്.

അതേസമയം, E20 പെട്രോളിനെതിരായ വിമർശനങ്ങൾക്കിടെ വാഹന-ഊർജ മേഖലകളിലെ വിദഗ്ധർ കേന്ദ്രസർക്കാരിന്റെ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. E20 ഇന്ധനം വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്ന വാദം ശരിയല്ലെന്നും, റേസിംഗ് കാറുകളിൽ പോലും എഥനോൾ മിശ്രിത ഇന്ധനം സുരക്ഷിതമായി ഉപയോഗിക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. വർഷങ്ങളായുള്ള ശാസ്ത്രീയ പഠനങ്ങൾക്കും പരിശോധനകൾക്കും ശേഷമാണ് എഥനോൾ മിശ്രിത പെട്രോൾ വിപണിയിലെത്തിച്ചതെന്നും വിദഗ്ധർ പറഞ്ഞു.

എഞ്ചിനീയേഴ്സ് ഇന്ത്യ ലിമിറ്റഡ് സി.എം.ഡി. വാതിക ശുക്ല, ബജാജ് ഓട്ടോ, ടിവിഎസ്, ടൊയോട്ട, മാരുതി സുസുക്കി, ഹ്യൂണ്ടായി എന്നീ വാഹന നിർമാതാക്കളുടെ പ്രതിനിധികൾ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് വിദഗ്ധർ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

You may also like