ആലപ്പുഴ: സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കടുത്ത രാഷ്ട്രീയ കടന്നാക്രമണവുമായി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ എം.എൽ.എ. എം.വി. ഗോവിന്ദൻ പ്രായോഗികമായും സൈദ്ധാന്തികമായും യഥാർത്ഥ വർഗ്ഗവഞ്ചകനാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ അദ്ദേഹം ഒട്ടും യോഗ്യനല്ലെന്നും ജി. സുധാകരൻ തുറന്നടിച്ചു. തനിക്കെതിരെ ഗോവിന്ദൻ നടത്തിയ ‘വർഗ്ഗവഞ്ചകൻ’ പരാമർശത്തിന് മറുപടിയായാണ് ആലപ്പുഴയിൽ അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
വി. കുഞ്ഞികൃഷ്ണനെയും ടി.കെ. ഗോവിന്ദനെയും പരാമർശിച്ചുള്ള എം.വി. ജയരാജന്റെ പ്രസ്താവനയിലേക്ക് തന്റെ പേര് വലിച്ചിഴക്കേണ്ട യാതൊരു കാര്യവും എം.വി. ഗോവിന്ദന് ഉണ്ടായിരുന്നില്ലെന്നും അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ വകതിരിവില്ലായ്മയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. വർഗ്ഗം എന്താണെന്നോ വർഗ്ഗവഞ്ചന എന്താണെന്നോ ഗോവിന്ദന് അറിയില്ല. സൈദ്ധാന്തികൻ എന്ന അടിസ്ഥാനമില്ലാത്ത ഒരു ലേബൽ മാത്രമാണ് അദ്ദേഹത്തിനുള്ളത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലാത്ത അദ്ദേഹം ഒന്നുകിൽ പദവി ഒഴിയണം, അല്ലെങ്കിൽ പാർട്ടി അദ്ദേഹത്തെ പുറത്താക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
“കണ്ണൂർ ജില്ലയിൽ അഞ്ച് സീറ്റിൽ യു.ഡി.എഫ് ജയിച്ചിട്ടും സെക്രട്ടറി സ്ഥാനത്തിരിക്കാൻ അയാള്‍ക്ക് യാതൊരു ഉളുപ്പുമില്ല. തൊഴിലാളിവർഗ്ഗവും കൃഷിക്കാരുമാണ് ഞങ്ങളുടെ വർഗ്ഗം. മുതലാളി വർഗ്ഗത്തിന് സന്തോഷമുണ്ടാക്കി സ്വന്തം വർഗ്ഗത്തെ വഞ്ചിക്കുന്നയാളാണ് വർഗ്ഗവഞ്ചകനെങ്കിൽ അത് എം.വി. ഗോവിന്ദനാണ്. ഞാൻ സി.പി.ഐ.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടതോ രാജിവെച്ചതോ അല്ല. സ്വന്തം ഇഷ്ടപ്രകാരം അംഗത്വം പുതുക്കാതിരുന്നത് എങ്ങനെ വർഗ്ഗവഞ്ചനയാകും? പാർട്ടി ഭരണഘടനയിൽ ആ അവകാശത്തെക്കുറിച്ച് കൃത്യമായി പരാമർശിക്കുന്നുണ്ട്. പാർട്ടിയെപ്പറ്റി ഞാൻ മോശമായി ഒന്നും പറഞ്ഞിട്ടുമില്ല,” ജി. സുധാകരൻ വിശദീകരിച്ചു.
എം.വി. ഗോവിന്ദൻ പറയുന്നത് വല്ലതും ആർക്കെങ്കിലും മനസ്സിലാവാറുണ്ടോ എന്നും അദ്ദേഹം വായടയ്ക്കുന്നതാണ് നല്ലതെന്നും സുധാകരൻ പരിഹസിച്ചു. “ഞാൻ പാർട്ടിയിൽ വന്ന കാലത്ത് ഗോവിന്ദൻ പാർട്ടിയിൽ ഇല്ല. ഇന്നുവരെ അദ്ദേഹത്തിനെതിരെ ഒരക്ഷരം ഞാൻ സംസാരിച്ചിട്ടില്ല. കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. കോൺഗ്രസ് ചളിക്കുണ്ടാകുന്നത് എങ്ങനെയാണ്? നാല് സീറ്റ് സി.പി.ഐ.എമ്മിന് കിട്ടുന്നത് പോലും കോൺഗ്രസ് പിന്തുണയിലല്ലേ?” എന്നും അദ്ദേഹം ചോദിച്ചു.
തന്നെ സി.പി.ഐ.എമ്മിലേക്ക് തിരികെ എടുക്കണമെന്ന് ഒരിടത്തും അപേക്ഷ കൊടുത്തിട്ടില്ലെന്ന് വ്യക്തമാക്കിയ സുധാകരൻ, മുഖ്യമന്ത്രി വി.ഡി. സതീശന്റെ നല്ല കാര്യങ്ങൾക്ക് നിയമസഭയിൽ വോട്ട് ചെയ്യുമെന്നും പ്രഖ്യാപിച്ചു. സഭയിൽ നിലവിൽ ശക്തമായ പ്രതിപക്ഷം ഇല്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ശാരീരിക പ്രശ്നങ്ങളെ തുടർന്ന് വരാത്തത് മനസ്സിലാക്കാം, എന്നാൽ പകരം സംസാരിക്കേണ്ട കെ.എൻ. ബാലഗോപാൽ പ്രതിപക്ഷ നേതാവിനെ ശകാരിക്കുന്നത് ഏത് തൊഴിലാളിവർഗ്ഗ സംസ്കാരമാണെന്നും ബാലഗോപാലിനെതിരെ എന്തുകൊണ്ട് സി.പി.ഐ.എം നടപടിയെടുക്കുന്നില്ലെന്നും ജി. സുധാകരൻ ചോദിച്ചു.

