Home Top Storiesസഹപാഠികൾക്കെതിരായ പീഡന പരാതി വ്യാജമെന്ന് 13കാരിയുടെ മൊഴി; പ്രണയം നിരസിച്ചതിലെ നിരാശയെന്ന് വിശദീകരണം

സഹപാഠികൾക്കെതിരായ പീഡന പരാതി വ്യാജമെന്ന് 13കാരിയുടെ മൊഴി; പ്രണയം നിരസിച്ചതിലെ നിരാശയെന്ന് വിശദീകരണം

by news_desk1
0 comments

പത്തനംതിട്ട: പത്തനംതിട്ടയിൽ സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13കാരിയുടെ പരാതി വ്യാജമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്നും, സഹപാഠിയോടുണ്ടായ പ്രണയം നിരസിക്കപ്പെട്ടതിലെ നിരാശയിലാണ് പരാതി നൽകിയതെന്നും പെൺകുട്ടി മൊഴി നൽകി. പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ് കോടതിയെ അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം പുറത്തുവന്നത്. ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സഹപാഠികൾ പീഡിപ്പിച്ചതായി ചൈൽഡ് ലൈൻ പ്രവർത്തകരോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പൊലീസിനെ വിവരം അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നാല് സഹപാഠികളുടെയും രണ്ട് മുതിർന്നവരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി. പീഡനാരോപണം സഹപാഠികൾ നിഷേധിച്ചിരുന്നു.

തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. ഈ സമയത്താണ് താൻ പീഡനത്തിനിരയായിട്ടില്ലെന്ന് പെൺകുട്ടി ഡോക്ടർമാരോട് വെളിപ്പെടുത്തിയത്. സഹപാഠിയോടുള്ള പ്രണയവും അത് നിരസിക്കപ്പെട്ടതുമാണ് പരാതിക്ക് പിന്നിലെ കാരണമെന്നും പെൺകുട്ടി വ്യക്തമാക്കി.

വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്നും ശരീരത്തിൽ മർദനമേറ്റതിന്റെ യാതൊരു പാടുകളും ഇല്ലെന്നും കണ്ടെത്തി. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴും ഡോക്ടർമാരോട് പറഞ്ഞ കാര്യങ്ങൾ തന്നെ പെൺകുട്ടി ആവർത്തിച്ചു. സഹപാഠി പ്രണയം നിരസിച്ചതിലുള്ള നിരാശയിലാണ് പരാതി നൽകിയതെന്ന് മജിസ്‌ട്രേറ്റിനോടും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ റഫർ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് ഗൗരവമായി അന്വേഷണം ആരംഭിച്ചിരുന്നു. സ്കൂളിലെ ശുചിമുറിയിലും സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സഹപാഠിയായ ഒരു പെൺകുട്ടി ഉൾപ്പെടെ ആറ് പേർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു.

You may also like