തിരുവനന്തപുരം: ഊരാളുങ്കൽ ഉൾപ്പെടെ 46 ഏജൻസികൾക്ക് ടെൻഡർ നടപടികളില്ലാതെ സർക്കാർ കരാറുകൾ ഏറ്റെടുക്കാനുള്ള അനുമതി സംസ്ഥാന സർക്കാർ ഉത്തരവിറക്കി നീട്ടി. ഇതോടെ ഈ ഏജൻസികൾക്ക് മുൻപുണ്ടായിരുന്ന പ്രത്യേക ഇളവ് തുടരും.
പ്രതിപക്ഷത്തായിരുന്ന കാലത്ത് ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ക്രമക്കേട് ആരോപണം ശക്തമായി ഉന്നയിച്ചിരുന്ന യുഡിഎഫ്, ഭരണത്തിലേറിയതിന് ശേഷം നിലപാട് മാറ്റിയെന്നാണ് രാഷ്ട്രീയ വിമർശനം. നിലവിൽ ഊരാളുങ്കലിന്റെ പ്രവർത്തനങ്ങൾക്ക് സർക്കാർ പിന്തുണ നൽകുന്നതായും വിമർശകർ ആരോപിക്കുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടത്തിയ വാർത്താസമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, “മോദിക്ക് അദാനി എങ്ങനെയാണോ അതുപോലെ പിണറായിക്ക് ഊരാളുങ്കൽ” എന്ന പരാമർശം നടത്തിയിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ അഴിമതി നടന്നത് മുൻ സർക്കാരിന്റെ കാലത്താണെന്നും, അതിന്റെ കേന്ദ്രബിന്ദുവാണ് ഊരാളുങ്കലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ടെൻഡറില്ലാതെ കോടിക്കണക്കിന് രൂപയുടെ സർക്കാർ കരാറുകൾ ഊരാളുങ്കലിന് നൽകിയെന്നും, എല്ലാ ഇടപാടുകളും അധികാരത്തിലെത്തിയാൽ അന്വേഷിച്ച് ഉത്തരവാദികളിൽ നിന്ന് മറുപടി തേടുമെന്നും അന്നത്തെ പ്രതിപക്ഷമായിരുന്ന കോൺഗ്രസ് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ ഭരണത്തിലേറിയതിന് ശേഷം സർക്കാർ നിലപാടിൽ മാറ്റമുണ്ടായെന്നാണ് വിമർശനം. ഊരാളുങ്കലിന്റെ പ്രവർത്തനങ്ങൾ നിലവാരമുള്ളതാണെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീർ കഴിഞ്ഞ ദിവസം നിയമസഭയിൽ ഊരാളുങ്കലിന്റെ പ്രവർത്തനം മികച്ച നിലവാരം പുലർത്തുന്നതാണെന്ന് വ്യക്തമാക്കിയിരുന്നു.

