തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ നിയമന നടപടികളിൽ വീണ്ടും വിവാദം. ആയുഷ് ഹോമിയോപ്പതി സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിച്ച ഉദ്യോഗസ്ഥനെ നിയമിച്ച് നാലാം ദിനം തന്നെ മാറ്റി പുതിയ ഉത്തരവിറക്കിയതോടെ നടപടികളിൽ സംശയം ഉയരുകയാണ്.
ജൂൺ 26-നാണ് ഡോ. ആർ. രജികുമാറിനെ സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിച്ചത്. എന്നാൽ നാല് ദിവസം കഴിഞ്ഞ് ആരോഗ്യമന്ത്രി കെ. മുരളീധരന്റെ ഉത്തരവിലൂടെ ആ നിയമനം റദ്ദാക്കി, പകരം ഡോ. അനിൽ എസ്. കെയെ സ്റ്റേറ്റ് പ്രോഗ്രാം മാനേജറായി നിയമിച്ചു.
നിയമനം റദ്ദാക്കിയതിന്റെ കാരണം സർക്കാർ വ്യക്തമാക്കിയിട്ടില്ല. നേരത്തെ പുറത്തിറക്കിയ ഉത്തരവിൽ മുൻ ഉദ്യോഗസ്ഥന്റെ കാലാവധി പൂർത്തിയായതിനാലാണ് പുതിയ നിയമനം നടത്തിയതെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, നിയമനം റദ്ദാക്കിയ ഉത്തരവിൽ “ആരോഗ്യമന്ത്രിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ” എന്ന വിശദീകരണം മാത്രമാണ് നൽകിയിരിക്കുന്നത്.
ഈ നടപടിക്കെതിരെ ഡോക്ടർമാർക്കിടയിൽ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ആയുഷ് വകുപ്പിലെ വിവിധ നിയമനങ്ങളിൽ നേരത്തെയും മാനദണ്ഡങ്ങൾ പാലിക്കാതെ നിയമനങ്ങൾ നടക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു.
ഇതിനിടെ വിഷയത്തിൽ പ്രതികരിച്ച ആരോഗ്യമന്ത്രി കെ. മുരളീധരൻ, നിയമനം റദ്ദാക്കിയതിൽ അസ്വാഭാവികതയില്ലെന്നും ഇത്തരം നടപടികൾ സാധാരണമാണെന്നും വ്യക്തമാക്കി. ഒരാളെ നിയമിച്ച ശേഷം വിവിധ കാരണങ്ങളാൽ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യം ഉണ്ടാകാമെന്നും, എല്ലാ കാര്യങ്ങളും ഭൂതക്കണ്ണാടി വെച്ച് നോക്കുമ്പോഴാണ് പ്രശ്നങ്ങളായി തോന്നുന്നതെന്നും മന്ത്രി പറഞ്ഞു.

