തിരുവനന്തപുരം: തിരുവനന്തപുരം ആര്യനാട് പൊലീസ് സ്റ്റേഷനിൽ അതിക്രമം. സി.ഐയെ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സി.ഐയെ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് ആര്യനാട് പൊലീസ് സ്റ്റേഷനിൽ സംഭവം നടന്നത്. മദ്യക്കുപ്പിയുമായി സ്റ്റേഷനിലെത്തിയ ഒരാൾ പൊലീസുകാരോട് മോശമായി പെരുമാറുകയും കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി അടിച്ചുപൊട്ടിക്കുകയും ചെയ്തു.
ഇയാളെ പിടികൂടാൻ പൊലീസ് ശ്രമിക്കുന്നതിനിടെ പ്രതി സമീപത്തെ ആശുപത്രിയിലേക്ക് ഓടിക്കയറി. പിന്നാലെ എത്തിയ സി.ഐയെ പ്രതി ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ കാട്ടാക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആര്യനാട് സ്വദേശി യദുകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

