Home Keralaമെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാൻ സർക്കാർ ഇടപെടൽ; രോഗികളെ പുലയനാർകോട്ട ആശുപത്രിയിലേക്ക് മാറ്റും

മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കാൻ സർക്കാർ ഇടപെടൽ; രോഗികളെ പുലയനാർകോട്ട ആശുപത്രിയിലേക്ക് മാറ്റും

by news_desk1
0 comments

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് കുറയ്ക്കുന്നതിനും രോഗികളെ തറയിൽ കിടത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിനുമായി ആരോഗ്യവകുപ്പ് പുതിയ നടപടികൾ സ്വീകരിച്ചു. തിരക്ക് കൂടുതലുള്ള ജനറൽ മെഡിസിൻ വിഭാഗം ഉൾപ്പെടെയുള്ള രോഗികളെ പുലയനാർകോട്ട നെഞ്ചുരോഗ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ആരോഗ്യം-ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

മന്ത്രിയുടെ അധ്യക്ഷതയിൽ ആരോഗ്യവകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥരുടെയും ജില്ലയിലെ വിവിധ ആശുപത്രി മേധാവികളുടെയും യോഗത്തിലാണ് തീരുമാനം. ഏകദേശം 500 കിടക്കകളുള്ള പുലയനാർകോട്ട ആശുപത്രിയിൽ പകർച്ചപ്പനി ബാധിതർ ഉൾപ്പെടെയുള്ള രോഗികൾക്ക് മതിയായ കിടത്തി ചികിത്സ ഉറപ്പാക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.

മഴക്കാലത്ത് പകർച്ചപ്പനി കേസുകൾ വർധിക്കുന്നതോടെ രോഗികളെ നിലത്ത് കിടത്തേണ്ട സാഹചര്യം പതിവാകാറുണ്ട്. എന്നാൽ രോഗികളെ തറയിൽ കിടത്തുന്നത് ഒഴിവാക്കുമെന്ന ആരോഗ്യവകുപ്പിന്റെ പൊതുനയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി അറിയിച്ചു.

ജനറൽ ആശുപത്രിയിൽ അടിയന്തരമായി കാന്റീൻ സജ്ജമാക്കാൻ ആശുപത്രി അധികൃതർക്ക് മന്ത്രി നിർദേശം നൽകി. മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുകയാണെന്നും എസ്.പി.വിയെ മാറ്റണമെന്നുമുള്ള ഉദ്യോഗസ്ഥരുടെ ആവശ്യം പരിഗണിച്ച്, പ്രവർത്തിപരിചയമുള്ള ഏജൻസിയെ എസ്.പി.വിയായി നിയമിച്ച് മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും തീരുമാനമായി.

ജനറൽ ആശുപത്രിയിലെ ബ്ലോക്കിൽ റാമ്പ് സജ്ജമാക്കുന്നതിനും ചോർച്ച പരിഹരിക്കുന്നതിനുമായി ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച നടത്തി പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കാർഡിയോളജി ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ സേവനം 24 മണിക്കൂറും കാര്യക്ഷമമാക്കി ജനറൽ ആശുപത്രിയെ കൂടുതൽ ശക്തിപ്പെടുത്തുകയും മെഡിക്കൽ കോളേജിലെ തിരക്ക് കുറയ്ക്കുകയും ചെയ്യാൻ യോഗത്തിൽ തീരുമാനമായി.

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വി. വിശ്വനാഥൻ, മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, പുലയനാർകോട്ട ആശുപത്രി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

അതേസമയം, ജനറൽ ആശുപത്രിയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ (ആർ.ജി.സി.ബി) സഹകരണത്തോടെ പുതിയ സി.ടി. സ്കാൻ മെഷീൻ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു. സ്ഥലവാടകയും വൈദ്യുതി ചെലവും ആർ.ജി.സി.ബി വഹിക്കും. ഓരോ സി.ടി. സ്കാനിനും നിശ്ചിത തുക ആശുപത്രി വികസന സമിതിക്ക് ലഭ്യമാകും. നിലവിലുള്ള സ്കാനിംഗ് നിരക്കുകളേക്കാൾ കുറഞ്ഞ നിരക്കിൽ ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

You may also like