കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിന് പിന്തുണയുമായി പാർട്ടി നേതൃത്വം. നടക്കുന്നത് രാഷ്ട്രീയ പ്രേരിത പരിശോധനയാണെന്നും നിഖിലിന് രാഷ്ട്രീയമായും നിയമപരമായും പിന്തുണ നൽകുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് പറഞ്ഞു.
ഇഡി പരിശോധനയ്ക്കിടെ നിഖിലിന്റെ ഫ്ലാറ്റിലെത്തിയ ശേഷമാണ് എം. മെഹബൂബ് പ്രതികരിച്ചത്. ഇഡിയെ ഉപയോഗിക്കുന്നത് ബിജെപി മാത്രമല്ല, കോൺഗ്രസും ആണെന്ന് അദ്ദേഹം ആരോപിച്ചു. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും നിഖിലുമായി സംസാരിച്ചെന്നും നിഖിലിനെ ഇഡി ചോദ്യം ചെയ്യുകയാണെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, മാസപ്പടി കേസിലെ അന്വേഷണം മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഇഡി. ഡിടിപിസി ഡെസ്റ്റിനേഷൻ കോഓർഡിനേറ്റർ നന്ദുലാൽ, സിപിഎം സെക്രട്ടേറിയറ്റ് അംഗവും സോലൈസ് കമ്പനി ഉടമയുമായ നിഖിൽ, ഷൈജൽ, ഫൈജാസ് എന്നിവരുടെ വീടുകളിലും ഇഡി പരിശോധന തുടരുകയാണ്. ഇവരുടെ സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. എക്സാലോജിക്കിൽ നിന്ന് പണം പുറത്തേക്ക് പോയതുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണം.
നിഖിൽ നേരത്തെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായിരുന്നു. നിലവിൽ ബിസിനസ് രംഗത്താണ്. സോലൈസ് കമ്പനിയുടെ ഉടമ കൂടിയാണ് നിഖിൽ.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ ഡയറിയിൽ നിന്നാണ് നിഖിലിനെക്കുറിച്ചുള്ള വിവരങ്ങൾ ഇഡിക്ക് ലഭിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിവരം. നിഖിലിന് പുറമെ മറ്റ് മൂന്ന് പേരെക്കുറിച്ചുള്ള വിവരങ്ങളും ഡയറിയിലുണ്ടെന്നാണ് പറയുന്നത്. ഇവർ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് വീണ മൊഴി നൽകിയതായും വിവരമുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ വീടുകളിൽ ഇഡി പരിശോധന നടത്തുന്നത്.
നിഖിലിന്റെ ഫറോഖ് കരുവൻതുരുത്തിയിലെ തറവാട് വീട്ടിലും ഇഡി പരിശോധന നടത്തി. കോഴിക്കോട് ഉൾപ്പെടെ എട്ട് സ്ഥലങ്ങളിലാണ് നിലവിൽ പരിശോധന തുടരുന്നത്. കേസുമായി ബന്ധപ്പെട്ട് ഇഡി നടത്തുന്ന മൂന്നാമത്തെ വ്യാപക പരിശോധനയാണിത്.
ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള നാല് അംഗ സംഘമാണ് കോഴിക്കോട് പരിശോധന നടത്തുന്നത്.
