Home Kerala‘സ്കൂൾ കായികമേള സർക്കാർ അട്ടിമറിച്ചു’; മന്ത്രിയുടേത് ധിക്കാരപരമായ സമീപനമെന്ന് കെ രാജൻ

‘സ്കൂൾ കായികമേള സർക്കാർ അട്ടിമറിച്ചു’; മന്ത്രിയുടേത് ധിക്കാരപരമായ സമീപനമെന്ന് കെ രാജൻ

by news_desk1
0 comments

തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ നടത്തിപ്പ് യുഡിഎഫ് സർക്കാർ അട്ടിമറിച്ചെന്ന് കെ രാജൻ എംഎൽഎ. കായികമേളയുടെ നടത്തിപ്പിൽ നിന്ന് ഉത്തരവാദിത്വം ഒഴിഞ്ഞുമാറാനുള്ള കായിക മന്ത്രി ഒ ജെ ജെനീഷിന്റെ ശ്രമം ധിക്കാരപരമായ സമീപനമാണെന്നും വാർത്താസമ്മേളനത്തിൽ രാജൻ ആരോപിച്ചു.

കായിക വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പ്ലാൻറ് ഫണ്ട് ഉപയോഗിച്ചാണ് സ്കൂൾ കായികമേള നടത്തുന്നത്. എന്നാൽ മത്സരങ്ങൾ നടന്നത് തന്റെ വകുപ്പിന്റെ കീഴിലല്ലെന്ന് പറഞ്ഞ് കായിക മന്ത്രി ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ ശ്രമിക്കുകയാണെന്ന് രാജൻ പറഞ്ഞു. ജില്ലയുടെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ജെനീഷിന് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും തമ്മിൽ സംസാരിക്കാറില്ലേയെന്നും രാജൻ ചോദിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രിക്കും കായിക മന്ത്രിക്കും ഉത്തരവാദിത്വത്തിൽനിന്ന് രക്ഷപ്പെടാനാകില്ല. അപകടസ്ഥലം മന്ത്രി സന്ദർശിക്കാതിരുന്നതും പരിക്കേറ്റവരെ കാണാതിരുന്നതും ജനാധിപത്യ നിഷേധത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

കായികമേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മന്ത്രി തലത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ഒരു യോഗം പോലും ചേർന്നിട്ടില്ലെന്നും രാജൻ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനുള്ള ക്രൈസിസ് മാനേജ്മെന്റ് നടപടികളും ഉണ്ടായില്ല. അപകടത്തിൽ പരിക്കേറ്റവർക്കും കായികമേളയിൽ പങ്കെടുക്കാനാകാതെ മടങ്ങിപ്പോയവർക്കും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുൻ സർക്കാർ നടപ്പാക്കിയ ഒളിമ്പിക്സ് മാതൃക തകർത്തത് ബോധപൂർവമാണെന്നും രാജൻ ആരോപിച്ചു. സ്കൂൾ കായികമേളയെ ഒളിമ്പിക്സ് മാതൃകയിൽനിന്ന് മാറ്റിയതിന് പിന്നിൽ വികേന്ദ്രീകരണത്തിന്റെ പേരിലുള്ള ഇടനിലക്കാരുടെ സാമ്പത്തിക താൽപര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

സംഘാടക സമിതികൾ പോലും രൂപീകരിക്കാത്തത് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണെന്നും കെ രാജൻ ആരോപിച്ചു.

You may also like