Home Keralaപി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി വേണം; കേരള കോൺഗ്രസിൽ കടുത്ത അതൃപ്തി, മുഖ്യമന്ത്രിയെ കാണാൻ നേതാക്കൾ

പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി വേണം; കേരള കോൺഗ്രസിൽ കടുത്ത അതൃപ്തി, മുഖ്യമന്ത്രിയെ കാണാൻ നേതാക്കൾ

by news_desk1
0 comments

തിരുവനന്തപുരം: പി.ജെ. ജോസഫിന് ക്യാബിനറ്റ് പദവി നൽകാത്തതിൽ കടുത്ത അതൃപ്തിയുമായി കേരള കോൺഗ്രസ്. അധികാരത്തിലെത്തിയതുമുതൽ തന്നെ പി.ജെ. ജോസഫിന് സുപ്രധാന പദവി നൽകണമെന്ന് യുഡിഎഫ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഉന്നയിക്കുമെന്നും പാർട്ടി വ്യക്തമാക്കി. മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ മോൻസ് ജോസഫിനാണ് ഇതിനായി ചുമതല നൽകിയിരിക്കുന്നത്. ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നാണ് വിവരം.

നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരിക്കാതെ മാറിനിന്നപ്പോൾ തന്നെ യുഡിഎഫ് അധികാരത്തിലെത്തിയാൽ അദ്ദേഹത്തിന് പ്രധാനപ്പെട്ട പദവി നൽകണമെന്ന ആവശ്യം മുന്നോട്ടുവച്ചിരുന്നു. ഭരണപരിഷ്‌കരണ കമ്മീഷൻ അധ്യക്ഷ സ്ഥാനമായിരുന്നു പാർട്ടി പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ എം.കെ. മുനീറിനും ജി. ദേവരാജനും ക്യാബിനറ്റ് പദവി നിശ്ചയിച്ചപ്പോൾ പി.ജെ. ജോസഫിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. അദ്ദേഹത്തിന്റെ പദവി സംബന്ധിച്ച വിഷയം മന്ത്രിസഭാ അജൻഡയിലും ഉൾപ്പെടുത്തിയിരുന്നില്ല. മോൻസ് ജോസഫ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

തീരുമാനം വന്നതിന് പിന്നാലെ മുഖ്യമന്ത്രിയോട് വിശദീകരണം തേടിയപ്പോൾ യുഡിഎഫ് തീരുമാനപ്രകാരമാണ് നടപടി സ്വീകരിച്ചതെന്നായിരുന്നു മറുപടിയെന്ന് കേരള കോൺഗ്രസ് വൃത്തങ്ങൾ പറയുന്നു. മറ്റുള്ളവർക്ക് പദവി നൽകിയതിലല്ല, പി.ജെ. ജോസഫിന് പദവി ലഭിക്കാത്തതിലാണ് പാർട്ടിയുടെ അതൃപ്തിയെന്നും അവർ വ്യക്തമാക്കി.

വയോജന കമ്മീഷൻ, കാർഷിക കടാശ്വാസ കമ്മീഷൻ തുടങ്ങിയ സ്ഥാനങ്ങളിലൊന്നാണ് ഇപ്പോൾ പി.ജെ. ജോസഫിനായി കേരള കോൺഗ്രസ് ആവശ്യപ്പെടുന്നത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ.

അതേസമയം, കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലെ തീരുമാനത്തിനെതിരെ യുഡിഎഫ് കൺവീനർ തന്നെ രംഗത്തെത്തിയത് കോൺഗ്രസിലെ ആഭ്യന്തര തർക്കം രൂക്ഷമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരള കോൺഗ്രസും അതൃപ്തി പരസ്യമാക്കുന്നത്.

ബോർഡ്, കോർപറേഷൻ വിഭജനത്തിലും അർഹമായ പ്രാതിനിധ്യം വേണമെന്ന ആവശ്യം കേരള കോൺഗ്രസ് മുന്നോട്ടുവയ്ക്കും. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് 10 ബോർഡ്, കോർപറേഷനുകളാണ് കേരള കോൺഗ്രസിന് ലഭിച്ചിരുന്നതെന്നും ഇത്തവണയും സമാനമായ പ്രാതിനിധ്യം വേണമെന്നുമാണ് പാർട്ടിയുടെ ആവശ്യം.

എന്നാൽ അന്നത്തെ വിഭജനം കെ.എം. മാണിക്കൊപ്പമായിരുന്നുവെന്ന വാദവും കോൺഗ്രസിലെ ചില നേതാക്കൾ ഉയർത്തുന്നുണ്ട്. കോൺഗ്രസിലെ പദവി വീതംവയ്പ് സംബന്ധിച്ച തർക്കം രൂക്ഷമായതിനെ തുടർന്ന് വിഷയം ഹൈക്കമാൻഡിന് വിട്ടിരിക്കുകയാണ്. ഇതുവരെ യുഡിഎഫ് യോഗവും ചേർന്നിട്ടില്ല.

കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളും യുഡിഎഫ് യോഗം ചേരാത്തതും മുന്നണിയിലെ തീരുമാനങ്ങൾ വൈകുന്നതും കേരള കോൺഗ്രസിലും അതൃപ്തിക്ക് കാരണമായിരിക്കുകയാണ്.

You may also like