ദില്ലി: ‘ഇനി കുറ്റം ചെയ്താൽ മരണം ഉറപ്പ്’ എന്ന തരത്തിലുള്ള ഭയം കുറ്റവാളികളുടെ മനസ്സിൽ ഉണ്ടാകണമെന്ന് സുപ്രീം കോടതി. സാമൂഹ്യവിരുദ്ധരുടെയും കുറ്റവാളികളുടെയും മനസ്സിൽ ഭയം സൃഷ്ടിക്കാതെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യതലസ്ഥാനമായ ദില്ലിയിൽ ഓരോ സ്ത്രീക്കും രാത്രിയിലടക്കം യാത്രകളിൽ പൂർണ സുരക്ഷ ഉറപ്പാക്കണമെന്നും സുപ്രീം കോടതി പൊലീസിന് കർശന നിർദേശം നൽകി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ പൊലീസ് ശക്തമായ നടപടികൾ സ്വീകരിക്കാൻ മടിക്കരുതെന്ന് ജസ്റ്റിസ് ജെ ബി പർദിവാല അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നടപടികളിൽ എതിർപ്പുകൾ ഉയർന്നാലും പൊലീസ് സ്വന്തം കടമ കൃത്യമായി നിർവഹിക്കണമെന്നും കോടതി നിർദേശിച്ചു.
സ്ത്രീസുരക്ഷയ്ക്കായി തയ്യാറാക്കുന്ന നിർദേശങ്ങളും പദ്ധതികളും കടലാസിൽ മാത്രം ഒതുങ്ങരുത്. അവ പ്രാവർത്തികമാക്കി ഫലപ്രദമായ നടപടികളിലേക്ക് പൊലീസ് അടിയന്തരമായി കടക്കണമെന്നും കോടതി പറഞ്ഞു.
വരാനിരിക്കുന്ന ഉത്സവകാലം കൂടി കണക്കിലെടുത്ത് സാമൂഹ്യവിരുദ്ധരെ പൂർണമായി നിയന്ത്രിക്കാൻ പൊലീസിന് കഴിയണമെന്നും കോടതി നിർദേശിച്ചു. സാഹചര്യത്തിനനുസരിച്ച് ഉയർന്ന നിലയിൽ പ്രവർത്തിക്കാനും ആവശ്യമായ കടുത്ത നടപടികൾ സ്വീകരിക്കാനും പൊലീസിന് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മുൻകാലങ്ങളിലെ പാളിച്ചകൾ പരിഹരിച്ച് സ്ത്രീസുരക്ഷ ഉറപ്പാക്കുന്നത് വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ടുപോകണമെന്നും കോടതി നിർദേശിച്ചു. പൊതുസ്ഥലങ്ങളിലും പാർക്കുകളിലും സിസിടിവി നിരീക്ഷണം ശക്തമാക്കണമെന്നും ഇത്തരം അതിക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
കേസ് വീണ്ടും നവംബർ 16ന് പരിഗണിക്കുന്നതിനായി മാറ്റി. തലസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിൽ പൊലീസിന് നൽകിയ ഈ കർശന മുന്നറിയിപ്പ് നിർണായക മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തൽ.
