Home Keralaഇടുക്കി കളക്ടറുടെ ഉത്തരവിൽ ആശങ്ക; ആനത്താരയിലെ റിസോർട്ടുകളെ ചൂണ്ടിക്കാട്ടി ഷിബു ബേബി ജോൺ

ഇടുക്കി കളക്ടറുടെ ഉത്തരവിൽ ആശങ്ക; ആനത്താരയിലെ റിസോർട്ടുകളെ ചൂണ്ടിക്കാട്ടി ഷിബു ബേബി ജോൺ

by news_desk1
0 comments

ഇടുക്കി: സാധാരണക്കാരെ സംബന്ധിച്ച് വന്യമൃഗ ശല്യം ഏറ്റവും വലിയ ശാപമായി മാറിയിരിക്കുകയാണെന്ന് മന്ത്രി ഷിബു ബേബി ജോൺ. ചിന്നക്കനാലിലെ വന്യമൃഗ പ്രശ്നങ്ങൾ മനുഷ്യനിർമിതമാണെന്നും ആനത്താരകളിൽ വൻകിട റിസോർട്ടുകൾ വന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും മന്ത്രി പറഞ്ഞു. സ്റ്റെർലിംഗ്, ക്ലബ് മഹീന്ദ്ര തുടങ്ങിയ റിസോർട്ടുകളെയും അദ്ദേഹം പരാമർശിച്ചു.

വന്യമൃഗങ്ങളെ സംരക്ഷിക്കണമെന്ന് പറയുന്നതിനൊപ്പം സാധാരണക്കാരുടെ പ്രശ്നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്. കൊല്ലത്ത് കാട്ടാന ആക്രമണം തടയാൻ നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും കരാർ ഏറ്റെടുത്തവർ പണി പൂർത്തിയാക്കിയില്ല. ഇപ്പോൾ പണികൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഓരോ ജീവൻ നഷ്ടപ്പെടുമ്പോഴും ജനങ്ങൾ ആശങ്കാകുലരാകുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ കൂടി വിശ്വാസത്തിലെടുത്ത് വേണം നടപടികൾ സ്വീകരിക്കാനെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് കാട്ടാന ആക്രമണത്തിൽ മരിച്ച രാജമ്മയ്ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇടുക്കി കളക്ടറുടെ ഉത്തരവിലും ആശങ്കയുണ്ടെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഉത്തരവ് അടിച്ചേൽപ്പിക്കുന്നതിന് പകരം ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി ചർച്ച നടത്തിയ ശേഷമായിരുന്നു നടപടി സ്വീകരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇടുക്കിയിലെ കർഷകരും പ്രാദേശിക ഭരണ സംവിധാനങ്ങളും വിഷയത്തിൽ സഹകരിക്കണം. ആവശ്യമെങ്കിൽ ഫെൻസിങ് താത്കാലികമായി മാറ്റണമെന്നും മന്ത്രി പറഞ്ഞു.

ഒരു ദിവസം കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണാനുള്ള മാന്ത്രിക ദണ്ഡ് ആരുടെയും കൈയിലില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങളെ കൊല്ലണമെന്ന് പറയുന്നവരും അവയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്നവരുമായ രണ്ട് വിഭാഗങ്ങൾക്ക് പ്രത്യേക താൽപര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനാതിർത്തിയിൽ വന്യമൃഗങ്ങളെ തിരിച്ചയയ്ക്കാൻ സഹായിക്കുന്ന തരത്തിലുള്ള കൃഷികൾ പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. മഞ്ഞൾ, നാരകം, ലെമൺഗ്രാസ് തുടങ്ങിയ കൃഷികൾ ഇതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

You may also like