Home Kerala‘യുവ അഭിഭാഷകയുടെ പരാതി ഗൗരവതരം’; ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടിയെന്ന് എൻ.എൻ. കൃഷ്ണദാസ്

‘യുവ അഭിഭാഷകയുടെ പരാതി ഗൗരവതരം’; ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടിയെന്ന് എൻ.എൻ. കൃഷ്ണദാസ്

by news_desk1
0 comments

പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ട ഇ.എൻ. സുരേഷ് ബാബുവിനെതിരെ ഉയർന്ന യുവ അഭിഭാഷകയുടെ ലൈംഗിക പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിൽവച്ചാണ് പീഡനശ്രമം നടന്നതെന്നാണ് വിവരം. പരാതി ഗൗരവതരമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. പരാതികൾ പരിശോധിച്ച് കർശന നടപടി സ്വീകരിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.

അതേസമയം, ഇ.എൻ. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയത് പാർട്ടി നടപടിയുടെ ഭാഗമായാണെന്ന് സിപിഎം സംസ്ഥാന സമിതി അംഗം എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. പാർട്ടി പ്രവർത്തനങ്ങൾ കാലാനുസൃതമായി നവീകരിക്കണമെന്ന കേന്ദ്രകമ്മിറ്റിയുടെ നിർദേശത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടി പ്രവർത്തനങ്ങളെ കാലോചിതമാക്കുന്നതിനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. തെറ്റുതിരുത്തൽ എന്നതിനേക്കാൾ കാലത്തിനനുസരിച്ചുള്ള നവീകരണമായാണ് ഇതിനെ കാണേണ്ടതെന്നും മാറിയ സമൂഹത്തിനനുസരിച്ച് പാർട്ടിയും പ്രവർത്തിക്കണമെന്നും എൻ.എൻ. കൃഷ്ണദാസ് പറഞ്ഞു. പാർട്ടി നവീകരണത്തിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റം വരുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇ.എൻ. സുരേഷ് ബാബുവിനെതിരെ കൂടുതൽ പാർട്ടി നടപടികൾ ഉണ്ടാകുമെന്നാണ് വിവരം. പ്രത്യേക കമ്മീഷനെ നിയോഗിച്ച് പരാതികൾ അന്വേഷിച്ചേക്കും. സംഘടനാപരമായി ഉയർന്ന പരാതികളും കമ്മീഷൻ പരിശോധിക്കും. അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ കമ്മീഷനെ നിശ്ചയിച്ചേക്കുമെന്നാണ് സൂചന.

പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി തന്നെ അപമാനിക്കാൻ ശ്രമിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി പാർട്ടിക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം.

സുരേഷ് ബാബുവിനെ പാർട്ടിയുടെ എല്ലാ ചുമതലകളിൽനിന്നും മാറ്റണമെന്ന ശക്തമായ ആവശ്യം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മിറ്റിയിലും ഉയർന്നിരുന്നു. ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സുരേഷ് ബാബു പാർട്ടി പദവിയിൽ തുടരുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ജില്ലാ നേതൃത്വം. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയിൽനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും ഒഴിവാക്കിയേക്കുമെന്ന സൂചനയും പുറത്തുവരുന്നു.

തുടർനടപടികൾ പരാതികൾ പരിശോധിച്ച ശേഷമായിരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. ജില്ലയിൽ നിന്നുള്ള കേന്ദ്ര-സംസ്ഥാന വനിതാ നേതാക്കൾ യുവതിയുടെ പരാതി പരിശോധിച്ചതിന് പിന്നാലെയാണ് ഇ.എൻ. സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് വിവരം.

എന്നാൽ വ്യക്തിപരമായ കാരണങ്ങളാലാണ് താൻ സ്ഥാനമൊഴിയുന്നതെന്നായിരുന്നു സുരേഷ് ബാബുവിന്റെ ഇന്നലത്തെ പ്രതികരണം. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് സുരേഷ് ബാബുവിനെ മാറ്റി പകരം വി. ചെന്താമരാക്ഷനെ നിയമിച്ചിട്ടുണ്ട്.

വ്യക്തിപരമായ കാരണങ്ങളാൽ സുരേഷ് ബാബു സ്ഥാനമൊഴിയുന്നതായി പാർട്ടിയെ അറിയിച്ചതിനെ തുടർന്നാണ് തന്നെ ചുമതലപ്പെടുത്തിയതെന്നാണ് വി. ചെന്താമരാക്ഷന്റെ വിശദീകരണം. ഭാവിയിൽ തന്നേക്കാൾ പ്രബലനായ ജില്ലാ സെക്രട്ടറിയായി ചെന്താമരാക്ഷൻ മാറുന്ന കാഴ്ച കാണാമെന്നും സുരേഷ് ബാബു പ്രതികരിച്ചിരുന്നു.

You may also like