പത്തനാപുരം: തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ചു. കടശ്ശേരി സ്വദേശി രാജമ്മ (80)യാണ് മരിച്ചത്. കടശ്ശേരി ഉമ്മന്നൂർ ഭാഗത്താണ് ആനയുടെ ആക്രമണമുണ്ടായത്.
തൊഴിലുറപ്പ് ജോലിക്കായി ഇറങ്ങിയ തൊഴിലാളികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. ഇതോടെ പലരും ചിതറിയോടിയെങ്കിലും രാജമ്മയ്ക്ക് ഓടിമാറാനായില്ല. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രാജമ്മയെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
കഴിഞ്ഞ ദിവസവും കാട്ടാനയുടെ ആക്രമണത്തിൽ റബർ ടാപ്പിങ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തൃശൂർ പാലപ്പിള്ളി ചൊക്കനയിലാണ് ഒരു കൂട്ടം കാട്ടാനകളുടെ ആക്രമണമുണ്ടായത്. നായാട്ടുകുണ്ട് സ്വദേശി ചള്ളിയിൽ ശശിക്കാണ് പരിക്കേറ്റത്.
വാരിയെല്ലിനും തോളെല്ലിനും സാരമായി പരിക്കേറ്റ ശശി നിലവിൽ ചികിത്സയിലാണ്. സംസ്ഥാനത്ത് കാട്ടാന ശല്യം രൂക്ഷമാകുമ്പോഴും സർക്കാർ തലത്തിൽ ഫലപ്രദമായ ഇടപെടലുകളില്ലെന്ന ആക്ഷേപവും ശക്തമാകുകയാണ്.
