ഗുരുവായൂർ: നടിയും ബിഗ് ബോസ് മുൻ വിജയിയുമായ അനുമോളുടെ വിവാഹം ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ നടന്നു. വിവാഹവാർത്ത പുറത്തുവന്നതിന് പിന്നാലെ വരനായ ഭുവനേഷ് രാജേന്ദ്രനെക്കുറിച്ചുള്ള വിവരങ്ങളാണ് ആരാധകർ തിരയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
വിവാഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അനുമോൾ നേരത്തെ പങ്കുവെച്ചിരുന്നില്ല. തമിഴ്നാട് സ്വദേശിയായ ഭുവനേഷ് രാജേന്ദ്രനെയാണ് അനുമോൾ വിവാഹം ചെയ്തത്. ഇൻസ്റ്റഗ്രാം ബയോ പ്രകാരം ഭുവനേഷ് നടനും മോഡലുമാണ്. ഇൻസ്റ്റഗ്രാമിൽ ഒന്നരലക്ഷത്തോളം ഫോളോവേഴ്സാണ് അദ്ദേഹത്തിനുള്ളത്.
റീൽ വീഡിയോകളാണ് ഭുവനേഷ് കൂടുതലായി പങ്കുവെക്കുന്നത്. ഫാഷൻ, യാത്ര, ജീവിതശൈലി, ഫിറ്റ്നസ് എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും അദ്ദേഹത്തിന്റെ സമൂഹമാധ്യമ പേജിലുണ്ട്. വിവാഹശേഷം അനുമോളുടെ കൈപിടിച്ച് കാറിലിരിക്കുന്ന വീഡിയോയാണ് ഭുവനേഷ് ഏറ്റവും ഒടുവിൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ആദില, നൂറ, അമേയ നായർ, രേണു സുധി തുടങ്ങിയവർ വീഡിയോയ്ക്ക് താഴെ കമന്റുകളുമായെത്തി.
അതേസമയം, തങ്ങളുടേത് പ്രണയവിവാഹമാണോ എന്ന കാര്യം അനുമോൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വരനെയും വിവാഹത്തെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് താൻ തന്നെ അറിയിക്കുമെന്നും അനുമോൾ പറഞ്ഞു. തങ്ങൾ ഏറെ സന്തോഷത്തിലാണെന്നും എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും തുടർന്നും വേണമെന്നും താരം വ്യക്തമാക്കി.
വിവാഹവാർത്ത നേരത്തെ പുറത്തുവിടാതിരുന്നതിന്റെ കാരണവും അനുമോൾ വിശദീകരിച്ചു. വിവാഹം ആഘോഷമായി മാറ്റി അവതരിപ്പിക്കാൻ താൽപര്യമില്ലായിരുന്നുവെന്നും തന്നെ ഇഷ്ടപ്പെടാത്തവരുണ്ടാകാമെന്നും താരം പറഞ്ഞു. എല്ലാം പൂർത്തിയായ ശേഷം വിവരം പുറത്തുവിടാനാണ് തീരുമാനിച്ചതെന്നും നേരത്തെ പറയാതിരുന്നതിൽ ആരും തെറ്റിദ്ധരിക്കരുതെന്നും അനുമോൾ വ്യക്തമാക്കി.
