തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ അപകടത്തിൽ മരിച്ച കേസിലെ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമന ഉത്തരവ് കോടതിയിൽ ലഭിക്കാത്തതിനെ തുടർന്നാണ് വിചാരണ മാറ്റിവെച്ചത്. ഇന്ന് കേസ് പരിഗണിക്കവെയാണ് ഹൈക്കോടതി നിർദേശം നൽകിയത്.
കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. അഡ്വ. സന്തോഷിനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. എന്നാൽ നിയമന ഉത്തരവ് ഇതുവരെ കോടതിയിൽ ലഭിച്ചിട്ടില്ല. ഇതോടെയാണ് വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി നിർദേശിച്ചത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയത്തിന് സമീപമാണ് മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് മരിച്ചത്. തിരുവനന്തപുരം സ്വദേശിയായ വഫ ഫിറോസിന്റെ പേരിലുള്ള വാഹനമാണ് ബഷീറിനെ ഇടിച്ചത്.
വാഹനം ഓടിച്ചത് വഫ ഫിറോസാണെന്ന് വരുത്തിത്തീർക്കാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചെന്ന ആരോപണമുണ്ട്. തുടക്കത്തിൽ വാഹനമോടിച്ചത് വഫയാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ദൃക്സാക്ഷികളും മാധ്യമപ്രവർത്തകരും ഇടപെട്ടതോടെ ഈ നീക്കം പരാജയപ്പെട്ടു.
കേസിലെ ഏക പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, അപകടകരമായും മദ്യപിച്ചും വാഹനമോടിക്കൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
