തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാർക്ക് വലിയ ആശ്വാസമേകി ക്ഷേമ പെൻഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 59.472 ലക്ഷം ആളുകൾക്കാണ് ഇത്തവണ സാമൂഹ്യക്ഷേമ പെൻഷൻ ലഭിക്കുക. ഇതിനുപുറമെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1,200 രൂപ വീതം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഓണത്തോടനുബന്ധിച്ച് നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് സർക്കാർ നടത്തിയത്. ആശാ പ്രവർത്തകർക്ക് 1,450 രൂപ ബോണസായി അനുവദിച്ചു. ‘ആരോഗ്യ കിരണം’ പദ്ധതിയിലെ കുടിശ്ശിക തീർക്കുന്നതിനായി 200 കോടി രൂപയും ഓണച്ചന്തകൾ കാര്യക്ഷമമായി നടത്തുന്നതിനായി സപ്ലൈകോയ്ക്ക് 53 കോടി രൂപയും മുൻകൂറായി അനുവദിച്ചിട്ടുണ്ട്.
ഓണക്കിറ്റ് വിതരണത്തിൽ യാതൊരുവിധ പോരായ്മകളുമില്ലെന്നും വിതരണം സുഗമമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 75,875 റേഷൻ കാർഡ് ഉടമകൾ ഇതിനോടകം തന്നെ ഓണക്കിറ്റ് കൈപ്പറ്റിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ നിർമ്മാണ വികസന പ്രവർത്തനങ്ങൾക്കായി രാമന്തുരുത്തിൽ സ്ഥലം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 5,000 കോടി രൂപയുടെ വൻ നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്. ഇതിൽ നിന്ന് പ്രതിവർഷം 1.70 കോടി രൂപ വാർഷിക ഫീസായി സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.
