Home Kerala‘സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പ്’; മേയർ ഓഫിസിനെതിരെ സിപിഎം ആരോപണം

‘സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പ്’; മേയർ ഓഫിസിനെതിരെ സിപിഎം ആരോപണം

by news_desk1
0 comments

തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തതായി രജിസ്റ്ററിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന് സിപിഎം ആരോപിച്ചു. മൂന്ന് കൗൺസിൽ യോഗങ്ങളിൽ സുഗതന്റേതെന്ന പേരിൽ വ്യാജ ഒപ്പിട്ടതായാണ് ആരോപണം. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക്കാണ് ആരോപണം ഉന്നയിച്ചത്.

വിവരാവകാശ നിയമപ്രകാരം ലഭിച്ച കൗൺസിൽ രജിസ്റ്ററിന്റെ അടിസ്ഥാനത്തിലാണ് ആരോപണമെന്നാണ് ദീപക് പറയുന്നത്. സുഗതനെ സംരക്ഷിക്കാൻ മേയർ വി.വി. രാജേഷിന്റെ ഓഫിസ് കേന്ദ്രീകരിച്ച് വ്യാജ ഒപ്പിട്ട് രജിസ്റ്റർ സൂക്ഷിച്ചതായും അദ്ദേഹം ആരോപിച്ചു. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിൽ നടന്ന കൗൺസിൽ യോഗങ്ങളിലാണ് സുഗതന്റേതെന്ന പേരിൽ വ്യാജ ഒപ്പ് രേഖപ്പെടുത്തിയതെന്നാണ് ആരോപണം.

കൗൺസിൽ യോഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടെങ്കിലും ലഭ്യമല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇത് ബോധപൂർവം മറച്ചുവെക്കുന്നതാണെന്നും എസ്.പി. ദീപക് പറഞ്ഞു. ഫെബ്രുവരി മുതൽ സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും ആറ് മാസം യോഗങ്ങളിൽ പങ്കെടുക്കാതിരുന്നാൽ ചട്ടപ്രകാരം അയോഗ്യനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സുഗതനെ പുറത്താക്കാതിരിക്കാനാണ് കൗൺസിൽ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ട് ക്രമക്കേട് നടത്തിയതെന്നും തങ്ങളുടെ സമരവും പ്രക്ഷോഭവും ശരിവയ്ക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും ദീപക് പറഞ്ഞു. മേയർ സ്ഥാനം ഉറപ്പാക്കുന്നതിനായി ബിജെപിയും ആർഎസ്എസും നടത്തിയ ക്രമക്കേടാണിതെന്നും അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ പൊലീസ് കമ്മിഷണർക്ക് രേഖാമൂലം പരാതി നൽകിയതായും യുഡിഎഫും സംസ്ഥാന സർക്കാരും ഇടപെടണമെന്നും എസ്.പി. ദീപക് ആവശ്യപ്പെട്ടു.

You may also like