ഷാർജ: വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെ 46 റൺസിന് തകർത്ത് ഇന്ത്യ ചാമ്പ്യൻസ്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ യുവരാജ് സിംഗിന്റെ തകർപ്പൻ അർധസെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ചാമ്പ്യൻസ് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ ചാമ്പ്യൻസിനെ 16.2 ഓവറിൽ 150 റൺസിന് ഇന്ത്യ പുറത്താക്കി.
മുന്നിൽ നിന്ന് നയിച്ച യുവരാജ് സിംഗ് 44 പന്തിൽ 5 ഫോറും 6 സിക്സും ഉൾപ്പെടെ 71 റൺസെടുത്തു. നമാൻ ഓജ 31 റൺസും യൂസഫ് പത്താൻ 20 പന്തിൽ 37 റൺസും റിക്കി ധവാൻ 12 പന്തിൽ 35 റൺസും നേടി ഇന്ത്യൻ സ്കോറിലേക്ക് നിർണായക സംഭാവന നൽകി.
197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ക്യാപ്റ്റൻ ഉസ്മാൻ ഖവാജ റൺസൊന്നുമെടുക്കാതെയും ബെൻ ഡങ്ക് 6 റൺസെടുത്തും പുറത്തായി. തുടർന്ന് ഡാർസി ഷോർട്ട് 28 പന്തിൽ 65 റൺസും ജോ ബേൺസ് 32 പന്തിൽ 45 റൺസും നേടി ഓസ്ട്രേലിയൻ സ്കോർ 100 കടത്തി.
