Home Keralaമലപ്പുറം വിരുദ്ധ പരാമർശം; പി. നന്ദകുമാറിനെതിരെ സതീശൻ, സിപിഎം മാപ്പുപറയണമെന്ന് ആവശ്യം

മലപ്പുറം വിരുദ്ധ പരാമർശം; പി. നന്ദകുമാറിനെതിരെ സതീശൻ, സിപിഎം മാപ്പുപറയണമെന്ന് ആവശ്യം

by news_desk1
0 comments

തിരുവനന്തപുരം: മലപ്പുറം ജില്ലയെ വർഗീയമായി അധിക്ഷേപിച്ച സിപിഎം നേതാവ് പി. നന്ദകുമാറിന്റെ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്ത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പങ്കെടുത്ത യോഗത്തിൽ നടന്ന പരാമർശം കേരളത്തിന്റെ മതേതര നിലപാടിനോടുള്ള വെല്ലുവിളിയാണെന്ന് സതീശൻ ആരോപിച്ചു. സിപിഎമ്മും പി. നന്ദകുമാറും കേരളത്തോട് മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത മൗലികവാദികളുടെയും വർഗീയവാദികളുടെയും കൂടാരമാണ് മലപ്പുറമെന്ന തരത്തിൽ പുരോഗമന പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന്റെ സമുന്നത നേതാവ് നടത്തിയ പരാമർശം അപലപനീയമാണെന്ന് സതീശൻ പറഞ്ഞു. പിണറായി വിജയനും യോഗത്തിൽ പങ്കെടുത്തിരുന്നു. അധിക്ഷേപം നടത്തിയ നേതാവിന്റെ നിലപാടിനോട് പിണറായി വിജയനും സിപിഎമ്മും യോജിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും അതുകൊണ്ടാണ് പരാമർശത്തെ തള്ളിപ്പറയാനോ തിരുത്താനോ തയ്യാറാകാത്തതെന്നും സതീശൻ ആരോപിച്ചു.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയൻ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖവും തുടർന്ന് നടത്തിയ പരാമർശങ്ങളും ഇപ്പോഴത്തെ സംഭവത്തിന്റെ തുടർച്ചയാണെന്നും സതീശൻ ആരോപിച്ചു. ഒരു പ്രത്യേക മതവിഭാഗത്തെ ഇരുട്ടിൽ നിർത്തി സിപിഎം കാലങ്ങളായി തുടരുന്ന രാഷ്ട്രീയ നയം തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ വർഗീയ പ്രചാരണത്തിന് തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ മറുപടി നൽകിയിട്ടും തിരുത്താൻ തയ്യാറാകാത്തത് അപലപനീയമാണെന്നും സതീശൻ പറഞ്ഞു. രാജ്യത്ത് വർഗീയതയുടെ വിഷവിത്ത് വിതയ്ക്കുന്ന സംഘപരിവാറും കേരളത്തിലെ സിപിഎമ്മും രണ്ടല്ല ഒന്നാണെന്ന സന്ദേശമാണ് ഇവർ നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വർഗീയ അധിക്ഷേപത്തിൽ പിണറായി വിജയൻ നിലപാട് വ്യക്തമാക്കണമെന്നും സിപിഎം കേന്ദ്ര നേതൃത്വം ഈ നിലപാടിനൊപ്പമാണോയെന്ന് ജനങ്ങളോട് പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. കേരളത്തോട് മാപ്പുപറയാൻ സിപിഎമ്മും പി. നന്ദകുമാറും തയ്യാറാകണം. കേരളത്തിൽ ആരെങ്കിലും വർഗീയത പറഞ്ഞാൽ ശക്തമായ നടപടിയുണ്ടാകുമെന്നും സതീശൻ വ്യക്തമാക്കി.

You may also like