പാലക്കാട്: വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം സ്ഥാനമൊഴിയുന്നതായി ഇ.എൻ. സുരേഷ് ബാബു പാർട്ടിയെ അറിയിച്ചതിനെ തുടർന്നാണ് തന്നെ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി ചുമതലപ്പെടുത്തിയതെന്ന് വി. ചെന്താമരാക്ഷൻ. സുരേഷ് ബാബുവിന്റെ ആവശ്യപ്രകാരമാണ് മാറ്റമെന്നും അദ്ദേഹത്തിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ചെന്താമരാക്ഷൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വ്യക്തിപരമായ ചില കാരണങ്ങളാലാണ് മാറുന്നതെന്ന് ഇ.എൻ. സുരേഷ് ബാബുവും വ്യക്തമാക്കി.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരാൻ വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്ന് സുരേഷ് ബാബു അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാറ്റമെന്ന് ചെന്താമരാക്ഷൻ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും പ്രബലമായ പാർട്ടിയാണ് സിപിഎം. തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി മറികടക്കാൻ ശക്തമായ പ്രവർത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ടേം വ്യവസ്ഥയുണ്ടെങ്കിലും പാർട്ടിയിൽ ആവശ്യാനുസരണം ഇടയ്ക്കുവച്ച് സ്ഥാനമൊഴിയുകയോ മാറ്റുകയോ ചെയ്യാമെന്ന് സുരേഷ് ബാബു പറഞ്ഞു. ജില്ലയിൽ സംഘടനാപരമായ ചില കുറവുകളുണ്ടെന്നും വിജയത്തിനിടയിലും പാർട്ടിക്ക് ക്ഷീണമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെന്താമരാക്ഷൻ തന്നേക്കാൾ കരുത്തുള്ള ജില്ലാ സെക്രട്ടറിയായി മാറുമെന്നാണ് പ്രതീക്ഷയെന്നും ഇത് കൂട്ടായ പ്രവർത്തനത്തിലൂടെ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സുരേഷ് ബാബു പറഞ്ഞു. താൻ തന്നെയാണ് സ്ഥാനമാറ്റത്തിനുള്ള നിർദേശം മുന്നോട്ടുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഒരു വനിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പരാതി നൽകിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പരാതി ചർച്ച ചെയ്തതിനു പിന്നാലെയാണ് സ്ഥാനത്തുനിന്ന് മാറ്റാൻ തീരുമാനിച്ചതെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സുരേഷ് ബാബുവിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ചെന്താമരാക്ഷന്റെ പ്രതികരണം.
ടി.പി. മുഹമ്മദ് മാസ്റ്റർ, കെ. ജയദേവൻ, നാരായണൻകുട്ടി എൻ.കെ., രാധാകൃഷ്ണൻ വടക്കാഞ്ചേരി, രമാധരൻ കൊല്ലങ്കോട്, പരമേശ്വരൻ അട്ടപ്പാടി, എ.എൻ. നീരജ്, ഷിബി കൃഷ്ണ എന്നിവരെ ജില്ലാ കമ്മിറ്റിയിലെ ക്ഷണിതാക്കളായും തെരഞ്ഞെടുത്തിട്ടുണ്ട്.
